വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകളിൽ സംശയം; എക്സൈസിന്റെ പരിശോധനയിൽ കണ്ടെടുത്തത് 21 കിലോ കഞ്ചാവ്
ചേളാരി: മലപ്പുറം ചേളാരിയിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകളിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ പിടികൂടിയത് 21 കിലോഗ്രാമിലധികം കഞ്ചാവ്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്സൈസ് കണ്ടെടുത്തത്. ക്വാർട്ടേഴ്‌സ് വാടകയ്ക്ക് എടുത്തിരുന്ന കോഴിക്കോട് പൊറ്റമ്മൽ സ്വദേശി ഷബീറിനെ( 40 ) പ്രതിയാക്കി എക്സൈസ് കേസെടുത്തു. ഇയാൾ മുൻ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.
ജില്ലയിൽ ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നവരിൽ പ്രധാനിയാണ് ഷബീറെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ടി.ഷനൂജിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അരുൺ.പി, ജിഷ്ണദ്.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരി വീട്ടിൽ, അനശ്വര.ടി.വി എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ.