ഓണം പ്രമാണിച്ച് ലഹരി കച്ചവടം വ്യാപകമാകാൻ സാധ്യത; രഹസ്യ വിവരത്തിൽ പരിശോധന; യുവാവിന്റെ ബാഗിൽ നിന്നും പിടിച്ചെടുത്തത് അര കിലോ കഞ്ചാവ്; പ്രതി അറസ്റ്റിൽ
തൃശ്ശൂർ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂരിലാണ് അര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായത്. ചൊവ്വന്നൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ വിബീഷി(35)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ബാഗിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ചൊവ്വന്നൂര്‍ ബ്ലോക്ക് റോഡിലെ ത്രിവേണി ഗോഡൗണിന് സമീപത്ത് കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളില്‍ കവറിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിന്നീട് തൂക്കി നോക്കിയപ്പോഴാണ് അര കിലോ ഭാരമുണ്ടെന്ന് വ്യക്തമായത്.
ഓണം അടുത്തിരിക്കെ ലഹരി ഉൽപ്പന്നങ്ങളുടെ കച്ചവടം വ്യാപകമായി നടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. മേഖലയിൽ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.