മതിലിനോട് ചേര്‍ന്നുള്ള ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം; അപകടം വാടക ക്വാര്‍ട്ടേഴ്സിന് മുന്നിൽ; ഗുരുതര പരിക്ക് മരണകാരണമെന്ന് ഡോക്ടർമാർ; ദാരുണ സംഭവം നിലമ്പൂരിൽ

Update: 2025-01-19 17:22 GMT

മലപ്പുറം: നിലമ്പൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരി മരിച്ചതായി വിവരങ്ങൾ. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്‍റെ മകൾ അയറ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലേ കാലോടെയാണ് അപകടം നടന്നത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ മതിലിനോട് ചേര്‍ന്നുള്ള ഗേറ്റ് കുഞ്ഞിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു.

കുട്ടി കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ആ സമയം അവിടെ ആരും ഉണ്ടായിരുന്നില്ല. ഗേറ്റിൽ കയറി കളിക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരിന്നു.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

Similar News