വേടന്റെ 'കറുപ്പിന്റെ' രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്; വേടന്റെ 'വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള' കലാവിപ്ലവം തുടരട്ടെ: റാപ്പറെ അനുകൂലിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
റാപ്പറെ അനുകൂലിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കൊച്ചി: കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടനെ അനുകൂലിച്ച് പോസ്റ്റുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയുമാണ് തന്റെ നിലപാടെന്ന് ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാടാണിത്. വേടന്റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാ വിപ്ലവം തുടരട്ടെയെന്നും മുന്‍ മെത്രോപ്പോലീത്ത ആശംസിച്ചു.
ഗീവര്‍ഗീസ് കൂറിലോസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
'മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാട്!
വേടന്റെ ''കറുപ്പിന്റെ ' രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്
വേടന്റെ ''വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള ' കലാവിപ്ലവം തുടരട്ടെ'
അതേസമയം, വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വേടന്‍ ഇവിടെ വേണമെന്ന് ഗായകന്‍ ഷഹബാസ് അമന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വ്യത്യസ്തമായൊരു കാര്യം പറയാനുണ്ട്. നാളെ വിശദമായി എഴുതുമെന്നും ഷഹബാസ് അറിയിച്ചു. ഞാന്‍ വേടനൊപ്പമാണെന്ന് നടി ലാലി പറഞ്ഞു. വേടന്‍ ചെയ്തത് തല പോകുന്ന തെറ്റല്ലെന്നും ലാലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആരും സ്വീകരിക്കാത്ത പൊളിറ്റിക്കല്‍ സ്റ്റാന്‍ഡാണ് വേടന്റേതെന്നും ആള്‍ക്കാര്‍ക്ക് കുരു പൊട്ടുന്നത് സ്വാഭാവികമാണെന്നും ശ്രീലക്ഷ്മി അറക്കല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'സാംസ്‌കാരിക ശുദ്ധിവാദികള്‍ പോയി തൂങ്ങി ചാവട്ടെ, വേടനും ഖാലിദ് റഹ്‌മനും അഷ്‌റഫ് ഹംസക്കും ഒപ്പം' എന്നാണ് എഴുത്തുകാരനും ദിലിത് ചിന്തകനുമായ കെ കെ ബാബുരാജ് പോസ്റ്റിട്ടത്. ഇത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇതിനെ പരിഹസിച്ച് ഷൈന്‍ ടോം ചാക്കോക്കും, ശ്രീനാഥ് ഭാസിക്കും താങ്കള്‍ പിന്തുണ നല്‍കാത്തത് മോശമായിപ്പോയി എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. എഴുത്തുകാരിയും ദലിത് ആക്റ്റീവിസ്റ്റുമായ മൃദുലാദേവി വേടന്റെ ചൈല്‍ഡ് ഹുഡ് ട്രോമകളെക്കുറിച്ച് പറയുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞാല്‍ വേടനെ ചികിത്സിക്കയാണ് വേണ്ടതെന്ന് അവര്‍ പറയുന്നു. അതുപോലെ ദലിത് ആയതുകൊണ്ട് വേടനെ വേട്ടയാടുന്നുവെന്ന നരേറ്റീവുകള്‍ പലരും ഇറക്കിയിട്ടുണ്ട്.
റാപ്പര്‍ വേടനെ അനുകൂലിച്ച് ആദിവാസി സമൂഹത്തില്‍ നിന്നുമുള്ള ആദ്യ സംവിധായിക ലീല സന്തോഷും രംഗത്തെതി. വേടന് ഈ പ്രതിസന്ധിയും അതിജീവിക്കാന്‍ കഴിയുമെന്നും വാക്കുകള്‍ കൊണ്ട് കേരളത്തെ കത്തിച്ച വേടനൊപ്പമാണെന്നും യുവജനത്തിന് ഒരു തീ ആയിരുന്നു വേടനെന്നും ഫെയ്സ് ബുക്ക് കുറിപ്പില്‍ ലീല സന്തോഷ് പറയുന്നു. നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ലീലയുടെ ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ പയ്ക്കിഞ്ചന ചിരി എന്ന പേരില്‍ ഒരു ചെറുചിത്രവും ലീല സന്തോഷ് സംവിധാനം ചെയ്തിരുന്നു. വിനായകനെ നായകനാക്കി കരിന്തണ്ടന്‍ എന്ന ചിത്രം ലീല പ്രഖ്യാപിച്ചിരുന്നു.