സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 320 രൂപ കുറഞ്ഞു; ആശ്വാസത്തിൽ കട ഉടമകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില വീണ്ടും കുറഞ്ഞു. രാവിലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും 320 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില 91,120 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 11,390 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ പവന് 880 രൂപ വർധിച്ചതിന് ശേഷമാണ് ഇന്ന് വലിയ കുറവുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വിലയിൽ ഉണ്ടായ സമ്മർദ്ദമാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിന് കാരണം.
യുഎസ് ഫെഡ് പലിശ നിരക്ക് ഉടൻ കുറയ്ക്കുമെന്ന പ്രതീക്ഷകൾ കുറഞ്ഞതാണ് വിലയെ സ്വാധീനിച്ച പ്രധാന ഘടകം. കൂടുതൽ നിരക്ക് കുറയ്ക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് നയരൂപകർത്താക്കൾ ജാഗ്രത പാലിക്കുന്നുണ്ടെന്ന സൂചന ഫെഡ് യോഗത്തിന്റെ മിനിറ്റ്സ് നൽകിയിരുന്നു.
മറ്റ് കാറ്റഗറികളിലും വില കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 9,370 രൂപയാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞ് ഗ്രാമിന് 163 രൂപയായി.