വിവാഹച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ കടന്ന് പിടിച്ചു; നാട്ടുകാര്‍ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിച്ചു; ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പോലീസിനെയും ആക്രമണം; സര്‍ക്കാര്‍ ഉദ്യേഗസ്ഥനെതിരെ കേസ്

Update: 2025-09-14 23:52 GMT

കുണ്ടറ: വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയ യുവതിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിയും ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടറുമായ സന്തോഷ് തങ്കച്ചന്‍ (38)യാണ് കുണ്ടറ പൊലീസ് പിടിയിലായത്.

ഇളമ്പള്ളൂരിലെ ഓഡിറ്റോറിയത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. സുഹൃത്തിന്റെ വിവാഹച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ മദ്യലഹരിയിലായിരുന്ന പ്രതി കടന്നുപിടിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയുടെ പ്രവൃത്തിക്ക് എതിര്‍ത്ത് പ്രതികരിച്ച യുവതിയുടെ ഭര്‍ത്താവിനെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തു.

സംഭവം കണ്ട നാട്ടുകാര്‍ പ്രതിയെ പിടിച്ചുകെട്ടി പൊലീസിന് കൈമാറി. കസ്റ്റഡിയിലെടുത്ത സന്തോഷിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇയാള്‍ പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തില്‍ കുണ്ടറ സ്റ്റേഷനിലെ സിപിഒ റിയാസിന് മുഖത്തും കയ്യിലും പരുക്കേറ്റു. ആശുപത്രിയില്‍ ചികിത്സ നല്‍കി.

പൊതുസ്ഥലത്ത് സ്ത്രീയോട് അതിക്രമം കാട്ടിയതിനും ഡ്യൂട്ടിയിലിരുന്ന പൊലീസുകാരനെ ആക്രമിച്ചതിനും വേര്‍പെടുത്തി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Tags:    

Similar News