'അവനെ കൊല്ലാമായിരുന്നില്ലേ നാട്ടുകാരേ; പൊലീസുകാര്‍ക്ക് അവനെ വിട്ടുകൊടുത്തത് എന്തിനാ; ഇങ്ങനെയുള്ളവരെ പൊലീസിനും നിയമത്തിനും വിട്ടുകൊടുക്കരുത്; ഇനിയെങ്കിലും അവന് തൂക്കുകയര്‍ കൊടുക്കണം'; പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ മാതാവ്
ഇനിയെങ്കിലും അവന് തൂക്കുകയര്‍ കൊടുക്കണം'; കൊല്ലപ്പെട്ട യുവതിയുടെ മാതാവ്
കണ്ണൂര്‍: ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട യുവതിയുടെ അമ്മ. ഇങ്ങനെയൊരു കൊടും കുറ്റവാളിയെ പൊലീസിന് വിട്ടുകൊടുക്കാതെ നാട്ടുകാര്‍ക്ക് കൊല്ലാമായിരുന്നില്ലേ എന്നാണ് യുവതിയുടെ അമ്മ ചോദിച്ചത്. അയാള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷയായ തൂക്കുകയര്‍ തന്നെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
'എനിക്ക് പറയാന്‍ വാക്കുകളില്ല. എന്ത് പറയണമെന്നും എനിക്കറിയില്ല. അവനെ കൊല്ലാമായിരുന്നില്ലേ നാട്ടുകാരേ. പൊലീസുകാര്‍ക്ക് അവനെ വിട്ടുകൊടുത്തത് എന്തിനാ. ഇങ്ങനെയുള്ളവരെ പൊലീസിനും നിയമത്തിനും വിട്ടുകൊടുക്കരുത്. കൊടും ക്രിമിനലാണ് അവന്‍. ഇത്രയും ചെയ്തിട്ട് അവന്‍ ജയില്‍ ചാടി. ഇനിയെങ്കിലും അവന് തൂക്കുകയര്‍ കൊടുക്കണം. നിയമത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു കാര്യം ഉണ്ടാവണം. തൂക്കുകയര്‍ തന്നെ കൊടുക്കണം ' - യുവതിയുടെ അമ്മ പറഞ്ഞു.
നേരത്തെ ജയില്‍ വകുപ്പ് അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കണ്ണൂര്‍ ജയിലില്‍ യാതൊരു സുരക്ഷയുമില്ലെന്ന ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിലൂടെ വ്യക്തമായെന്ന് യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പുറത്തു നിന്നുള്ള സഹായം ലഭിക്കാതെ വലിയ മതില്‍ ചാടാന്‍ തടവുപുള്ളിക്ക് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
'എന്റെ മകളെ ഇല്ലാതാക്കിയിട്ട് ഗോവിന്ദച്ചാമി പുറത്തുകൂടെ നടക്കില്ല. അവനെ വെറുതേ വിടില്ല. ജയിലിനുള്ളില്‍ എല്ലാവിധ സഹായവും ലഭിച്ചിട്ടുണ്ട്. അല്ലാതെ പുറത്തുകടക്കാനാവില്ല. നല്ല തടവുകാരനാണെങ്കില്‍ ശിക്ഷ പൂര്‍ത്തിയാക്കിയാണ് പുറത്തിറങ്ങേണ്ടിയിരുന്നത്. ജയില്‍ ചാടിയ ഗോവിന്ദച്ചാമി ഇതിലും വലിയ കുറ്റങ്ങള്‍ ചെയ്യില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും യുവതിയുടെ അമ്മ പറഞ്ഞിരുന്നു.
തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. പൊലീസിനെയും നാട്ടുകാരെയും കണ്ടയുടന്‍ ഇയാള്‍ കിണറ്റിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഗോവിന്ദച്ചാമിയെ കിണറ്റില്‍ നിന്ന് പൊക്കിയെടുത്തു. കറുത്ത പാന്റായിരുന്നു വേഷം. ഷര്‍ട്ട് ധരിച്ചിരുന്നില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ജയില്‍ ചാടാന്‍ ആരെങ്കിലും സഹായിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കും. വളരെ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്ന് ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ പ്രതികരിച്ചു.