സെക്രട്ടേറിയറ്റിന് മുന്നില്‍ വെയിലും മഴയുമേറ്റ് സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; നാളെ വൈകിട്ട് ആരോഗ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച; ആവശ്യങ്ങള്‍ അംഗീകരിച്ച് ഉത്തരവ് കിട്ടിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് എസ് മിനി

ആശ പ്രവര്‍ത്തകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

Update: 2025-04-02 07:05 GMT

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ സമരം 52ാം ദിവസത്തിലേക്ക് കടന്നപ്പോള്‍, വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ ചേംബറില്‍ വച്ച് നാളെ വൈകിട്ട് മൂന്നുമണിക്കാണ് ചര്‍ച്ച. മൂന്നാംവട്ടമാണ് ആശാപ്രവര്‍ത്തകരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.


ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയെന്ന് ആശാ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഓണറേറിയം വര്‍ദ്ധനയും പെന്‍ഷനും അടക്കം ചര്‍ച്ചയാകുമെന്ന് സമരനേതാവ് മിനി പറഞ്ഞു. കഴിഞ്ഞ തവണത്തെപോലെ ആകരുത്. ആവശ്യങ്ങള്‍ മന്ത്രിക്കും സര്‍ക്കാരിനും അറിയാം. പ്രഖ്യാപനവും ഉറപ്പുകളും വേണ്ട. ആവശ്യങ്ങള്‍ അംഗീകരിച്ച് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നും എസ് മിനി പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ദ്ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്നലെ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി ഇതറിയിച്ചത്. ആശാ സമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി വീണാ ജോര്‍ജ് വ്യക്തമാക്കി. 'ആശമാര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. അതായിരുന്നു പ്രധാന അജണ്ട. ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര നിലപാടില്‍ പ്രതീക്ഷ'യെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

'ആശമാരുടെ പൊതുവായ പ്രശ്നങ്ങള്‍ മന്ത്രി വിശദമായി കേട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭ്യര്‍ഥനകള്‍ അദ്ദേഹത്തെ അറിയിച്ചു. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും ആശമാരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിയുമായി സംസാരിച്ചു. 'മെഡിക്കല്‍ കോളേജുകള്‍ കാസര്‍കോടും വയനാടും ആരംഭിക്കുന്നതിനുള്ള സഹായം ആവശ്യപ്പെട്ടു. കേരളത്തിലെ എംയിസിന്റെ കാര്യവും സംസാരിച്ചു. എയിംസ് വൈകാതെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശാ സമരത്തില്‍ ചര്‍ച്ച വേണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത ദിവസം തന്നെ എല്ലാവരെയും കൂട്ടി ഒരു ചര്‍ച്ച നടത്തു'മെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച നടത്തില്ലെന്ന് കടുംപിടുത്തമില്ല. എല്ലാവരുമായി ചര്‍ച്ച നടത്തണമെന്നാണ് ഐ എന്‍ ടി യു സി ആവശ്യപ്പെട്ടത്. സമരം പിന്‍വലിക്കണമെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags:    

Similar News