ഒഴുക്കില്ലാത്ത വെള്ളത്തിൽ ഇറങ്ങരുത്; ചൂട് സമയത്ത് ജാഗ്രത പുലർത്തണം; ആശുപത്രി നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം; അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ മാർഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി ആക്ഷന്‍പ്ലാന്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്.
മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ നിര്‍ദേശം നൽകുകയും ചെയ്തിട്ടുണ്ട്. എല്ലാ ആശുപത്രികളും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
എല്ലാ വര്‍ഷവും വേനല്‍ക്കാലത്തിന് തൊട്ട് മുമ്പേ മുതല്‍ അവബോധം ശക്തമാക്കണം. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ച് അവബോധം നടത്തണം.
വിദ്യാര്‍ത്ഥികള്‍ക്കും ജലാശയങ്ങളുമായി ഇടപഴകുന്നവര്‍ക്കും അവബോധം നല്‍കണം. അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുളങ്ങളിലെ സമീപത്ത് അവബോധ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം. വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം ഉണ്ട്.