കോടതി ഉത്തരവുകള്‍ ഐഎ ടൂളുകളുടെ സഹായത്തോടെ പുറപ്പെടുവിക്കരുത്; അംഗീകൃത ഐഎ ടൂളുകള്‍ മാത്രം ഉപയോഗിക്കുക; ഐഎ ടൂളുകള്‍ ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടൂളുകളുടെ നിയന്ത്രണരഹിത ഉപയോഗം കോടതികാര്യങ്ങളില്‍ അപകടം വരുത്തുമെന്ന് മുന്നറിയിപ്പുമായി കേരള ഹൈക്കോടതി. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി എഐ ഉപയോഗത്തെക്കുറിച്ചുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി പുറത്തിറക്കി.
കോടതിയിടപെടലുകളില്‍ അംഗീകൃത എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് നിര്‍ദേശങ്ങളുടെ പ്രധാനാംശം. ഉത്തരവുകളുടെ രൂപീകരണത്തില്‍, സാക്ഷിമൊഴികളുടെ ലേഖനം, നിയമപിന്തുണ സംബന്ധിച്ച കരട് തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ എഐ ഉപയോഗം കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ നടപടികള്‍. എന്നാല്‍, ഏത് എഐ ടൂള്‍ ഉപയോഗിച്ചെന്ന് വ്യക്തമായി രേഖപ്പെടുത്തണമെന്നും എല്ലാ ഘട്ടത്തിലും മേല്‍നോട്ടം പുലര്‍ത്തണമെന്നും നിര്‍ദേശങ്ങളിലുണ്ട്.
എഐ ടൂള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ ജുഡീഷ്യല്‍ അക്കാദമി അല്ലെങ്കില്‍ ഹൈക്കോടതി സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ടാകും. അംഗീകൃത എഐ ടൂളുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഹൈക്കോടതിയുടെ ഐടി വിഭാഗത്തെ ഉടന്‍ അറിയിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ പറയുന്നു.
ചാറ്റ് ജിപിടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകളുടെ ഉപയോഗം വിലക്കിയിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം, ഈ തരത്തിലുള്ള ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ ഡാറ്റയുടെ സുരക്ഷക്കും വ്യക്തികളുടെ സ്വകാര്യതയ്ക്കും ഭീഷണിയുണ്ടാകാനുള്ള സാധ്യതയാണ്. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അനന്തര നടപടികള്‍ ഉണ്ടാവുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.