ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം; രോഗസാധ്യത കണ്ടെത്തിയാല്‍ ഉടനെ തന്നെ ചികിത്സ ആരംഭിക്കണം; കാന്‍സർ സ്‌ക്രീനിംഗ് നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത് നടത്തുന്നത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുമെന്ന് അറിയിച്ചു.
ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച ഈ ക്യാമ്പയിനിലൂടെ 15.5 ലക്ഷത്തോളം പേര്‍ക്ക് സ്‌ക്രീനിംഗ് നടത്തി. ഇവരില്‍ ആവശ്യമായവര്‍ക്ക് തുടര്‍ പരിശോധനയും ചികിത്സയും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 242 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാനും സാധിക്കും.
പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. പുരുഷന്‍മാരില്‍ വായ്, മലാശയം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, കരള്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് കൂടുതലായി കാണുന്നത്. പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങള്‍ പുരുഷന്മാരിലെ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.