നെഞ്ചുവേദനയുള്ള രോഗിയെ ആശുപത്രിയിലെത്തിക്കാൻ നേരിട്ടത് വലിയ പ്രതിസന്ധി; ആംബുലൻസിലെ ഹോട്ട് സീറ്റിൽ ഡ്രൈവറില്ലാ; രണ്ടുംകൽപ്പിച്ച് ആർഎംഒ ചെയ്തത്; വൈറലായി വീഡിയോ
തിരുവനന്തപുരം: നെഞ്ചുവേദനയെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ ഐസിയുവിലേക്ക് മാറ്റാൻ ആംബുലൻസ് ഡ്രൈവർ ഇല്ല. തുടർന്ന്, ആശുപത്രിയുടെ റെസിഡന്റ് മെഡിക്കൽ ഓഫീസർ (RMO) ഡോ. ജയകുമാർ സ്വയം ആംബുലൻസ് ഓടിച്ച് രോഗിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഈ പ്രവൃത്തിക്ക് വ്യാപകമായ അഭിനന്ദനമാണ് ലഭിക്കുന്നത്.
വ്യാഴാഴ്ച രാത്രി ഏഴോടെയാണ് നെഞ്ചുവേദനയോടെ ഒരു രോഗി ജനറൽ ആശുപത്രിയിൽ എത്തിയത്. രോഗിയുടെ ഇ.സി.ജി. പരിശോധനയിലും രക്തപരിശോധനകളിലും ഗുരുതരമായ വ്യതിയാനങ്ങൾ കണ്ടതിനെത്തുടർന്ന് അടിയന്തരമായി ഐസിയുവിലേക്ക് മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചു. എന്നാൽ, അപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന ഏക ആംബുലൻസ് മറ്റൊരു രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയിരിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ, രോഗിയുടെ നില വഷളായതിനെത്തുടർന്നാണ് ആർ.എം.ഒ. ഡോ. ജയകുമാർ സഹായത്തിനെത്തിയത്. ആശുപത്രിവരാന്തയിൽ, ഒരു സന്നദ്ധസംഘടന നൽകിയ ആംബുലൻസ് നിർത്തിയിട്ടിരുന്നു. എന്നാൽ, അതിന്റെ ഡ്രൈവർ അപ്പോൾ അവിടെയുണ്ടായിരുന്നില്ല. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഡോ. ജയകുമാർ, ആ ആംബുലൻസ് ഓടിക്കാൻ സ്വയം മുന്നോട്ടുവരികയായിരുന്നു.
മുൻ കൗൺസിലർ ഐ.പി. ബിനുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ പോസ്റ്റ് വൈറലായതോടെ ഡോ. ജയകുമാറിൻ്റെ മാതൃകാപരമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ, ഒട്ടേറെ പേർ ചികിത്സ തേടിയെത്തുന്ന ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ആംബുലൻസുകൾ ഇല്ലെന്നും, പലപ്പോഴും മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് രോഗികളെ മാറ്റാൻ പുറത്തുനിന്നും ആംബുലൻസുകൾ വിളിക്കേണ്ടി വരുന്നുവെന്നും കൂട്ടിരിപ്പുകാർ പരാതിപ്പെടുന്നു.