'മാനം വീണ്ടും ഇരുളുന്നു..'; സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

Update: 2025-08-16 10:10 GMT

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുന്നു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഇതിന് കാരണമായതായി അധികൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിൽ ഉണ്ട്. ന്യൂനമർദ്ദം ആന്ധ്ര-ഒഡീഷ തീരങ്ങൾക്ക് സമീപം രൂപംകൊണ്ടതിനാലാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്.

മഴയോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും പുഴകളുടെ സമീപത്തും താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും, മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Tags:    

Similar News