സംസ്ഥാനത്ത് ഒന്‍പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്: തീവ്രമഴയോടെ ഇത്തവണ തുലാവര്‍ഷം കനക്കും

സംസ്ഥാനത്ത് ഒന്‍പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത

Update: 2024-10-07 01:27 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പല ഇടങ്ങളിലും അതിശക്തമായ മഴ. വടക്കന്‍ കേരളത്തിലും മലയോര മേഖലയിലുമെല്ലാം കനത്ത മഴയാണ് ഇന്നലെ പെയ്തത്. ഇന്നു മുതല്‍ 9 വരെ എല്ലാ ജില്ലകളിലും മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്കന്‍ കേരളത്തിലും മലയോര മേഖലയിലും ശക്തമായ മഴ ലഭിക്കും. കന്യാകുമാരി തീരത്ത് ഇന്നു രാത്രി 11.30 വരെ ഉയര്‍ന്ന തിരയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തിലെ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. പലയിടത്തും ഇടിയും മിന്നലും ശക്തമായ മഴയും പെയ്യുന്നുണ്ടെങ്കിലും തുലാവര്‍ഷത്തിന്റെ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) തുടക്കമായിട്ടില്ല. കാലവര്‍ഷത്തില്‍നിന്ന് തുലാവര്‍ഷത്തിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍. മലയോരമേഖലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്. മലയോരങ്ങളിലെ വിനോദസഞ്ചാര മേഖലകളിലും പുഴകളിലും പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പലയിടത്തും ഞായറാഴ്ച ഉച്ചയ്ക്കുശേഷം പെരുമഴയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഒരുമണിക്കൂറിനിടെ 92 മി.മീ. മഴയാണു പെയ്തത്. മേഘവിസ്ഫോടനത്തിനു സമാനമായ മഴ എന്നാണ് കാലാവസ്ഥാവിദഗ്ധനും സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനുമായ രാജീവന്‍ എരിക്കുളം പറഞ്ഞത്. മഞ്ചേരിയിലും അതിശക്തമായ മഴയായിരുന്നു. ശനിയാഴ്ച നിലമ്പൂരിനടുത്ത് വഴിക്കടവില്‍ ഒരുമണിക്കൂറിനുള്ളില്‍ 82 മി.മീ. മഴയാണു പെയ്തത്. മുണ്ടേരിയില്‍ 73 മി.മീറ്ററും. പൂക്കോട്ടുംപാടം ചേലോട്ട് അരമണിക്കൂറില്‍ 65 മി.മീ. മഴ പെയ്തു.

ഒക്ടോബര്‍ 15 ആകുമ്പോഴേയ്ക്ക് കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങും. ഒക്ടോബര്‍ ഇരുപതോടെയാണ് തുലാവര്‍ഷത്തിനു തുടക്കമാകാറുള്ളത്. വരും ദിവസങ്ങളില്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നു. അതിന്റെ സ്വഭാവത്തിനനുസരിച്ച് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അവസാനദിവസങ്ങളിലേക്കെത്തിയ കാലവര്‍ഷത്തില്‍ ഇത്തവണ കേരളത്തിലെ ശരാശരിക്കണക്കനുസരിച്ച് 13 ശതമാനം കുറവാണുള്ളത്.

Tags:    

Similar News