മഴ കനക്കുന്നു; വടക്കന്‍ കേരളത്തില്‍ രാത്രി ശക്തമായ കാറ്റോടുകൂടിയ മഴ; കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ അവധി; കണ്ണൂരില്‍ സ്‌കൂളുകള്‍ക്ക് മാത്രം അവധി

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ അവധി

Update: 2025-07-16 16:22 GMT

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനത്തതോടെ രാത്രി മഴ മുന്നറിയിപ്പുകളില്‍ മാറ്റം വരുത്തി. വടക്കന്‍ കേരളത്തില്‍ രാത്രി ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റോടു കൂടി മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റ് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുന്നുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ജൂലൈ17(വ്യാഴാഴ്ച) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.

കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കാണ് അവധി.

വയനാട് ജില്ലയില്‍ നാളെ (ജൂലൈ 17) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും, മതപഠന സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (17/7/2025) ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

Tags:    

Similar News