എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയണം; വാഹനത്തിന്റെ കളർ ഫോട്ടോഗ്രാഫുകളടക്കം നൽകണം; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച സംഭവം; റിപ്പോർട്ട് തേടി ഹൈക്കോടതി ദേവസ്വം ബെഞ്ച്
കൊച്ചി: ഇന്ന് പുലർച്ചെയാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്. ആര്യങ്കാവിൽ വെച്ച് 25 ഭക്തൻമാരും ആയി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ശബരിമല തീർത്ഥാടനം കഴിഞ്ഞ് വന്ന ബസിലെ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. മറ്റ് ആറ് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പരിക്കുകളോടെ ചികിത്സ തേടി.
ഇപ്പോഴിതാ, കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. വാഹനത്തിന്റെ കളർ ഫോട്ടോഗ്രാഫുകളടക്കം ചേർത്ത് റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പിനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
നാളെ തന്നെ റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ 18 പേർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.