കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസിൽ നിന്നും വിദ്യാർഥിനി തെറിച്ച് വീണ സംഭവം; വീഴുന്നത് കണ്ടിട്ടും ഡ്രൈവർ ബസ് നിർത്തിയില്ല; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിനി തെറിച്ച് വീണെന്ന പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. നുഷ്യാവകാശ പ്രവർത്തകനായ എ.അക്ബർ അലിയുടെ പരാതിയിലാണ് കമ്മീഷൻ കേസെടുത്തത്. കോട്ടയം ആർടിഒയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈ 26 ന് കോട്ടയം റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീഴുന്നത് കണ്ടിട്ടും ഡ്രൈവർ ബസ് മുന്നോട്ടെടുത്തെന്നാണ് പരാതി. അപകടത്തിൽ നിന്നും അത്ഭുതകരമായാണ് കുട്ടി രക്ഷപ്പെട്ടത്. റോഡിൽ വീണ വിദ്യാർത്ഥിനി തനിയെ എഴുന്നേൽക്കുകയായിരുന്നു. കുട്ടി വീണത് കണ്ടിട്ടും ബസ് നിർത്താതെ പോയതായി പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് വാതിൽ തുറന്നിട്ട് സർവ്വീസ് നടത്തുന്നതുൾപ്പെടെ സ്വകാര്യബസുകളുടെ നിയമലംഘനം വർധിച്ചു വരികയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ എ.അക്ബർ അലി പരാതിയിൽ പറഞ്ഞു.