പാലക്കാട് നഗരമധ്യത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
പാലക്കാട്: നഗരമധ്യത്തിലെ മാതാ കോവിൽപള്ളിക്ക് മുൻവശത്തുള്ള തുറസ്സായ സ്ഥലത്തെ മാലിന്യക്കൂമ്പാരത്തിന് സമീപം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വ്യാഴാഴ്ചയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിത്തിയത്.
നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടിയും മറ്റ് ശരീരഭാഗങ്ങളും ആദ്യം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികൾ പോലീസിനെ അറിയിച്ചു. തലമുടി അടക്കമുള്ള ശരീരഭാഗങ്ങൾ പൂർണമായി അഴുകാത്ത നിലയിലായിരുന്നു.
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള, ഫൊറൻസിക് വിദഗ്ധരും ഉടൻ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തും. കണ്ടെടുത്ത ശരീരഭാഗങ്ങൾ വിശദമായ പരിശോധനകൾക്കായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.