ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയതും വീണ്ടും വെട്ടി; പരിഭ്രാന്തിയിൽ ആളുകൾ; ഗുരുതര പരിക്ക്; പ്രതിയെ നാട്ടുകാര്‍ ചേർന്ന് കീഴ്‌പ്പെടുത്തി
കണ്ണൂര്‍: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കിലെത്തി ഭര്‍ത്താവ് അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. തളിപ്പറമ്പിലാണ് സംഭവം നടന്നത്. എസ്ബിഐ പൂവ്വം ശാഖയിലെ കാഷ്യറായ അരങ്ങം സ്വദേശി അനുപമയെ ബാങ്കില്‍ കയറിയാണ് ഭര്‍ത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ അനുപമ തളിപ്പറമ്പ് ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. ആക്രമണം നടന്ന ഉടനെ തന്നെ ഭര്‍ത്താവ് അനുരൂപിനെ നാട്ടുകാര്‍ ചേർന്ന് കീഴ്‌പ്പെടുത്തി കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പൊടുന്നനെ ദേഷ്യപ്പെട്ട് ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അതിക്രൂരമായി വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയിൽ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേ പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബത്തിലെ വഴക്കുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പ്രതി ഒരു സ്വകാര്യ കാര്‍ വില്‍പ്പനശാലയിലെ ജീവനക്കാരനാണെന്നും വിവരങ്ങൾ ഉണ്ട്.