ബേപ്പൂരിൽ അനധികൃതമായി കൊണ്ടുവന്ന 6000 ലിറ്റർ ഡീസൽ പിടികൂടി; ഡ്രൈവർ അറസ്റ്റിൽ
Update: 2025-03-31 02:59 GMT
കോഴിക്കോട്: ബേപ്പൂർ മീൻപിടിത്ത തുറമുഖത്തേക്ക് കൊണ്ടുവന്ന അനധികൃത ഡീസൽ ബേപ്പൂർ പൊലീസ് പിടികൂടി. 6000 ലിറ്റർ ഡീസൽ കയറ്റി എത്തിയ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിന്റെ ഡ്രൈവർ കുറ്റ്യാടി അരീക്കൽ സ്വദേശിയായ സായിഷിനെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ നടന്ന പരിശോധനയിൽ, ബേപ്പൂർ എസ്‌ഐ എം. രവീന്ദ്രനും പ്രൊബേഷണറി എസ്‌ഐ സി.ഡി. ധനീഷും ചേർന്നാണ് വാഹനം തടഞ്ഞത്. പിന്നീട് ഫറോക്ക് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ.എം. സിദ്ദിഖും സ്ഥലത്തെത്തി.
ഇന്ത്യൻ ഓയിൽ കമ്പനിയുടെ സെയിൽസ് മാനേജർ രാജന്റെ സാന്നിധ്യത്തിൽ വാഹനത്തിൽ നിറച്ച ഡീസൽ പരിശോധിച്ചു. തുടർന്നുള്ള നടപടികൾക്കായി ഡീസൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.