യുവാവുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി; നഗ്നനാക്കി ചിത്രങ്ങൾ പകർത്തി; പിന്നാലെ ബന്ധുക്കൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി; മലപ്പുറം സ്വദേശിയായ യുവാവിൽ നിന്നും പണം തട്ടി; മൂന്ന് പേർ അറസ്റ്റിൽ
കോഴിക്കോട്: കുന്ദമംഗലത്ത് ഹണി ട്രാപ്പിൽപ്പെടുത്തി യുവാവിൽ നിന്ന് പണം തട്ടിയെന്ന കേസിൽ രണ്ടു യുവതികളടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശിനി ഗൗരി നന്ദ (20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശിനി അൻസിന (28), ഇവരുടെ ഭർത്താവ് മുഹമ്മദ് അഫീഫ് (30) എന്നിവരെയാണ് കോഴിക്കോട് നഗരത്തിൽ നിന്ന് പിടികൂടിയത്.
മലപ്പുറം സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്നനാക്കി ചിത്രങ്ങൾ പകർത്തിയ പ്രതികൾ, ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയിലധികം തട്ടിയെടുക്കുകയായിരുന്നു. യുവാവ് നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഹണി ട്രാപ്പ് സംഘടിപ്പിച്ച് പണം തട്ടുന്നതിൽ ഇവർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.