'ശ്രീനാരായണ ഗുരു ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം'; വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം
'ശ്രീനാരായണ ഗുരു ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം'; വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം. കോടതി വിധി ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കമ്പനി നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്ത സ്ഥാപനം കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി. താല്‍കാലിക ഡയറക്ടര്‍മാരെ നിയമിച്ച് ഭരണം നടത്താന്‍ സര്‍ക്കാറിന് കോടതി നിര്‍ദ്ദേശം നല്‍കി.
വിധിക്കെതിരെ ഉടന്‍ അപ്പീല്‍ പോകുമെന്നാണ് നിലവിലെ ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കിയത്.കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത എസ്എന്‍ഡിപി യോഗം 2014ന് ശേഷം വാര്‍ഷിക കണക്കുകള്‍ നല്‍കിയില്ലെന്നും നിയമ ലംഘനം നടത്തിയ ഡയറക്ടര്‍മാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.
ഡയറക്ടര്‍മാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ കമ്പനി ഡയറക്ടര്‍മാര്‍ അയോഗ്യരാക്കാമെന്നും കമ്പനി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, 2017ല്‍ വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം ചൂണ്ടികാട്ടി സര്‍ക്കാറിന് നല്‍കിയ മാപ്പപേക്ഷ അംഗീകരിച്ചെന്നും പിഴയൊടുക്കിയെന്നുമായിരുന്നു എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ വാദം.
എന്നാല്‍ പിഴ ഈടാക്കി മാപ്പ് അനുവദിച്ചത് കമ്പനിക്ക് മാത്രമാണെന്നും വ്യക്തികള്‍ക്ക് ബാധകമല്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എംഎന്‍ സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അടക്കമുള്ള ഭാരവാഹികളെയും 170 അംഗങ്ങളെയും കോടതി അയോഗ്യരാക്കിയത്.