ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് ഡോക്ടര്‍ പ്രിഫിക്‌സ് ഉപയോഗിക്കാമെന്ന കേരളാ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരം; കൂടുതല്‍ വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഐഎംഎ

ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് ഡോക്ടര്‍ പ്രിഫിക്‌സ് ഉപയോഗിക്കാമെന്ന കേരളാ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരം

Update: 2026-01-28 11:15 GMT

തിരുവനന്തപുരം : ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് ഡോക്ടര്‍ പ്രിഫിക്‌സ് ഉപയോഗിക്കാമെന്ന കേരളാ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഹൈക്കോടതി വിധി കൂടുതല്‍ വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കാനേ സഹായിക്കുകയുള്ളൂവെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഐഎംഎ വ്യക്തമാക്കി.

രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരായ മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഡെന്റല്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മുന്‍പിലാണ് നിലവില്‍ ഡോക്ടര്‍ എന്ന് വെയ്ക്കാനാകുക, പിഎച്ച്ഡി ലഭിക്കുന്നവരുടെ പേരിന് മുന്നിലും ഡോക്ടറേറ്റ് പദവി ലഭിക്കുമ്പോള്‍ വെയ്ക്കാറുണ്ട്.

എന്നാല്‍ ചികിത്സാ രംഗത്ത് രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ അല്ലാത്തവര്‍ക്ക് മുന്നില്‍ ഡോക്ടര്‍ എന്ന് വെയ്ക്കുമ്പോള്‍ അത് പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനും, ആരാണ് യാഥാര്‍ത്ഥ ചികിത്സകര്‍ എന്ന തെറ്റിദ്ധാരണയും ഉണ്ടാകും.

ചെന്നൈ ഹൈക്കോടതി വിധി ഉള്‍പ്പെടെ പല വിധികളും രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ അല്ലാത്തവര്‍ ഡോക്ടര്‍ എന്ന് വെയ്ക്കരുതെന്ന വിധികള്‍ ഉള്ളപ്പോഴാണ് കേരള ഹൈക്കോടതിയില്‍ നിന്നും ഇത്തരത്തില്‍ ഒരു വിധി ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും ആരുടെ എല്ലാം പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് വെയ്ക്കാമെന്നുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കണമെന്നും നിലവിലെ ഹൈക്കോടതി വിധിക്കെതിരെ ഐഎംഎ അപ്പീല്‍ നല്‍കുമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എന്‍ മേനോനും, സെക്രട്ടറി ഡോ. റോയ് ആര്‍ ചന്ദ്രനും പ്രസ്താവയിലൂടെ അറിയിച്ചു.

Tags:    

Similar News