'മകളേ മാപ്പ്' പോസ്റ്റ് ഇടുന്നവര്‍; അവനെ കറിവേപ്പിലയാക്കിയവള്‍ എന്നും...; സഹതാപ കമന്റ് ഇട്ട് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഒരു കൂട്ടരും; ടോക്സിക്ക് ബന്ധങ്ങളെ കുറിച്ച് പോസ്റ്റുമായി ഇംതിയാസ് ബീഗം

ടോക്സിക്ക് ബന്ധങ്ങളെ കുറിച്ച് പോസ്റ്റുമായി ഇംതിയാസ് ബീഗം

Update: 2025-07-20 11:06 GMT

അബുദാബി: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മലയാളി യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതുല്യയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. യുവതിയുടെ മരണത്തിന് കാരണം സതീഷാണെന്നാണ് ബന്ധുക്കളുടെ ആരോപണം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്ത കേട്ടറിഞ്ഞതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് മറ്റൊരു മലയാളി യുവതിയുടെ ആത്മഹത്യ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ഭര്‍ത്താവിന്റെ പീഡനം മൂലമാണ് അതുല്യ മരണപ്പെട്ടതെന്ന് സഹോദരിയും കുടുംബവും അറിയിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തെ ആസ്പദമാക്കി പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗായികയായ ഇംതിയാസ് ബീഗം. മൂന്ന് കൂട്ടരുടെ കഥ എന്നുപറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ സുഹൃത്തുക്കളും കുടുംബവും ചേര്‍ത്തുപിടിച്ചതുകൊണ്ട് ആത്മഹത്യ ചെയ്യാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞ ഒരാളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം ഇംതിയാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോക്‌സിക് ബന്ധങ്ങളില്‍ നിന്ന് ഇറങ്ങിവരാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഇംതിയാസ് പോസ്റ്റില്‍ വിവരിക്കുന്നത്.

'ടോക്സിക് ആയ ബന്ധങ്ങളില്‍ നിന്ന് ഇറങ്ങിവരാനുള്ള ആര്‍ജവം പെണ്‍കുട്ടികളും സ്ത്രീകളും കാണിക്കണം എന്ന് പറയുന്നവരും ടോക്സിക് ബന്ധങ്ങളില്‍ നിന്ന് സഹികെട്ട് ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് 'മകളേ മാപ്പ്' പോസ്റ്റ് ഇടുന്നവര്‍, ഇറങ്ങിപ്പോരാനുള്ള ധൈര്യം കാണിക്കാമായിരുന്നു ആ കുട്ടിക്ക്, എന്ന് വിലപിക്കുന്നവരും, ടോക്സിക്ക് ബന്ധം ആണെന്നറിഞ്ഞിട്ടും പലവട്ടം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സഹിച്ചു ക്ഷമിച്ചിട്ടും, കുഞ്ഞിനേയും അത് ബാധിക്കുമെന്നറിഞ്ഞു ഇറങ്ങിപ്പോരുമ്പോള്‍, 'അവള്‍ liberal life നയിച്ചു എന്നും, കുറച്ച് കാശ് വന്നപ്പോള്‍ അവനെ ഒഴിവാക്കി എന്നും, അവനെ കറിവേപ്പിലയാക്കിയവള്‍ എന്നും, പാവം ആ കുഞ്ഞിന്റെ കാര്യം എന്നും സഹതപിച്ച് പഴയ പോസ്റ്റിന്റെ അടിയില്‍ സഹതാപ കമന്റ് ഇട്ട് ആത്മഹത്യയിലേക്ക് തള്ളിവിടുന്നതുമായ ഒരു കൂട്ടരും' എന്നാണ് ഇംതിയാസിന്റെ പോസ്റ്റില്‍ കുറിക്കുന്നത്.

'മാതാപിതാക്കളും മകളും സുഹൃത്തുക്കളും .. ചുരുക്കം ചില ബന്ധുക്കളും ചേര്‍ത്ത് പിടിച്ചത് കൊണ്ട് മാത്രം ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന ഒരു പെണ്ണ്' എന്ന ക്യാപ്ഷനോടെയാണ് അവര്‍ ഈ പോസ്റ്റ് പങ്കുവെച്ചത്.


Full View


Similar News