കാസര്‍കോട് എരിയാലില്‍ വാഹനാപകടം; ഒന്‍പത് ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് പോസ്റ്റും തകര്‍ത്തു
കാസര്‍കോട്: കാസര്‍കോട് എരിയാലില്‍ പുലര്‍ച്ചെ അഞ്ചരയോടെ വാഹനാപകടം മംഗലാപുരം ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് ചരക്ക് കൊണ്ടുപോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സര്‍വീസ് റോഡിന്റെ ഒരു വര്‍ഷത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. നിര്‍മ്മാണം പാതിവഴിയായ നടപ്പാതയ്ക്കരികില്‍ നിര്‍ത്തിയിരുന്ന ഒമ്പതോളം ഇരുചക്രവാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു. അതിഥി തൊഴിലാളികളുടെ വാഹനങ്ങളാണ് തകര്‍ന്നത്. ഒരു വൈദ്യുതി പോസ്റ്റും തകര്‍ന്നിട്ടുണ്ട്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന സ്ഥലം ആറുവരിപ്പാതയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ ഒത്തുകൂടുന്ന ഇടമാണ്. ''സാധാരണയായി ഈ സമയത്ത് ഞങ്ങള്‍ ഇവിടെ പുലര്‍ച്ചെ ഒത്തുകൂടാറുണ്ട്. ഞായറാഴ്ച ആയതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ജീവനോടെ രക്ഷപ്പെട്ടത്'' രാജകുമാര്‍ എന്ന തൊഴിലാളി പ്രതികരിച്ചു.
സര്‍വീസ് റോഡിന്റെ വീതി കുറവായതും, പലയിടങ്ങളിലും നടപ്പാത പൂര്‍ണമായിട്ടില്ലാത്തതും അപകട ഭീഷണി കൂട്ടുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത് കെട്ടിട ഉടമകളുടെ സ്വാധീനത്താലാണെന്നും സര്‍ക്കാര്‍ പൂര്‍ണമായി നഷ്ടപരിഹാരം നല്‍കിയിട്ടും നടപടി വൈകുന്നതില്‍ സര്‍വേയറുടെ അലംഭാവം ആണെന്നും നാട്ടുകാര്‍ ആരോപിച്ചു.