പേരക്കുട്ടിയുടെ നിക്കാഹിനെത്തിയ 74-കാരൻ കുഴഞ്ഞുവീണ് മരിച്ചു; സംഭവം ആലപ്പുഴയിൽ
ഹരിപ്പാട്: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ പേരക്കുട്ടിയുടെ നിക്കാഹ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ 74-കാരൻ ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പുന്നപ്ര പള്ളിവേളി സ്വദേശി പി.എം. നാസിമുദ്ദീൻ (74) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെ തൃക്കുന്നപ്പുഴയിലെ കുമ്പളത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
ആറാട്ടുപുഴ വെള്ളേക്കാട്ടിൽ അഷ്റഫിന്റെയും റസിയയുടെയും മകൾ റെയ്‌സ ഫാത്തിമയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് റിട്ട. പുന്നപ്ര മിൽമ ജീവനക്കാരനായ നാസിമുദ്ദീൻ എത്തിയത്. നിക്കാഹ് ചടങ്ങിൽ പങ്കെടുത്ത ശേഷം അടുത്തുള്ള പള്ളിയിലേക്ക് പോകാനായി ഓഡിറ്റോറിയത്തിന് പുറത്തിറങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്.
ഉടൻതന്നെ ഇദ്ദേഹത്തെ തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാസിമുദ്ദീന്റെ ഭാര്യ: റംല. മക്കൾ: ഷാഫി, ഷഫീക്ക് (സൗദി), റസിയ. മരുമക്കൾ: അഷ്റഫ്, ഹസീന, കൊച്ചുമോൾ.