പെരുമ്പാവൂരിൽ മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; പ്രസവിക്കുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മാതാപിതാക്കൾക്ക് ജാമ്യം
കൊച്ചി: പെരുമ്പാവൂരിൽ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു പ്രസവത്തോടെയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതോടെ കൊലപാതകമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മാതാപിതാക്കൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പൊക്കിൾകൊടി പോലും വേർപെടുത്താത്ത നിലയിൽ പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
എന്നാൽ കുഞ്ഞിന് ജനനസമയത്ത് ജീവനുണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെയാണ് കൊലപാതക സാധ്യത പോലീസ് തള്ളിയത്. ജീവനില്ലാത്ത കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചതിനാണ് മാതാപിതാക്കൾക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞിൻ്റെ മൃതദേഹം കാത്തിരക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.