കാഫ നേഷൻസ് കപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഛേത്രിയും സഹലുമില്ല; ടീമിൽ ഇടം നേടി മൂന്ന് മലയാളികൾ; ഖാലിദ് ജമീലിന്റെ കീഴിലെ ആദ്യ മത്സരം ഓഗസ്റ്റ് 29ന്

Update: 2025-08-25 09:36 GMT

ബെംഗളൂരു: പുതിയ പരിശീലകൻ ഖാലിദ് ജമീലിന് കീഴിൽ ഇന്ത്യയുടെ ആദ്യ ടൂർണമെന്റിനുള്ള 23 അംഗ ദേശീയ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. മുൻ നായകൻ സുനിൽ ഛേത്രിയും മലയാളി താരം സഹൽ അബ്ദുൾ സമദും ഇല്ലാത്ത ടീമിൽ ആഷിഖ് കുരുണിയൻ, എം.എസ് ജിതിൻ, മുഹമ്മദ് ഉവൈസ് എന്നീ മൂന്ന് മലയാളി താരങ്ങൾ ഇടം നേടി. താജിക്കിസ്ഥാനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ (കാഫ) നേഷൻസ് കപ്പിനുള്ള അന്തിമ സംഘത്തെയാണ് പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ എട്ട് വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് 'ബി'യിൽ ഇന്ത്യക്കൊപ്പം ആതിഥേയരായ താജിക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവരുമുണ്ട്. ഓഗസ്റ്റ് 29-ന് താജിക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് സെപ്റ്റംബർ ഒന്നിന് ഇറാനെയും നാലിന് അഫ്ഗാനിസ്ഥാനെയും നേരിടും.

35 അംഗ സാധ്യതാ ക്യാമ്പിൽ നിന്നാണ് ഖാലിദ് ജമീൽ അന്തിമ ടീമിനെ തിരഞ്ഞെടുത്തത്. നേരത്തെ തന്നെ ക്യാമ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട സുനിൽ ഛേത്രിക്ക് ടീമിൽ ഇടം നേടാനായില്ല. മോഹൻ ബഗാൻ താരങ്ങളെ ക്യാമ്പിലേക്ക് വിട്ടുനൽകാതിരുന്നതിനാൽ സഹൽ അബ്ദുൾ സമദിനെയും പരിഗണിച്ചില്ല. സഹലിന് പുറമെ വിശാൽ കെയ്ത്ത്, ലാലങ്മാവിയ, അനിരുദ്ധ് ഥാപ്പ, മൻവീർ സിങ് തുടങ്ങിയ പ്രമുഖ ബഗാൻ താരങ്ങളും ടീമിലില്ല.

നിലമ്പൂർ സ്വദേശിയായ മുഹമ്മദ് ഉവൈസിൻ്റെ ആദ്യ ദേശീയ ടീം പ്രവേശനമാണിത്. കഴിഞ്ഞ സീസണിൽ ജംഷഡ്‌പൂർ എഫ്‌സിക്കായി മികച്ച പ്രകടനം കാഴ്ചവെച്ച 26-കാരൻ നിലവിൽ പഞ്ചാബ് എഫ്‌സിയുടെ താരമാണ്. തൃശൂർ സ്വദേശിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരവുമായ എം.എസ് ജിതിന് ഇത് രണ്ടാം തവണയാണ് ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്. ആഷിഖ് കുരുണിയൻ സമീപകാലത്ത് ടീമിലെ സ്ഥിരം സാന്നിധ്യമാണ്. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ സംഘം തിങ്കളാഴ്ച താജിക്കിസ്ഥാനിലേക്ക് യാത്ര തിരിക്കും.

Tags:    

Similar News