കത്തോലിക്ക സഭയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്; നിലപാട് പറയേണ്ടത് സഭാധ്യക്ഷന്‍മാരാണ്; ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം സഭയുടെ അഭിപ്രായമായി തെറ്റിദ്ധരിക്കരുത്: പാംപ്ലാനിയെ തള്ളി ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍

പാംപ്ലാനിയെ തള്ളി ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍

Update: 2025-08-03 12:44 GMT

തൃശൂര്‍: കത്തോലിക്ക സഭയുടെ രാഷ്ട്രീയം ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായമായി തെറ്റിദ്ധരിക്കരുതെന്ന് ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ചത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന തള്ളിക്കൊണ്ടാണ് മാര്‍ പോളി കണ്ണൂക്കാടന്റെ പ്രതികരണം. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വാക്കു പാലിച്ചു എന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.

സഭയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്, എന്നാല്‍ അത് കക്ഷിരാഷ്ട്രീയം അല്ല. സഭയുടെ നിലപാട് പറയേണ്ടത് സഭാധ്യക്ഷന്‍മാരാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ സഭയുടെ അഭിപ്രായമല്ല. ഓരോ കാലഘട്ടത്തിലും സഭ അതിന്റെ രാഷ്ട്രീയം ശക്തമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം സഭയുടെ അഭിപ്രായമായി തെറ്റിദ്ധരിക്കരുതെന്നും പോളി കണ്ണൂക്കാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞായിരുന്നു തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചതെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News