പിടിയിലായത് കുറവാ സംഘം തന്നെ; സ്ഥിരീകരിച്ച് പൊലീസ്; നെഞ്ചിലെ പച്ചകുത്ത് നിർണായകമായി; കുണ്ടന്നൂരിൽ നിന്നും ഉരുപ്പടികളും കണ്ടെത്തി
കൊച്ചി: ഇന്നലെ കുണ്ടന്നൂരില്‍ നിന്നും പിടികൂടിയ പ്രതികൾ കുറുവാ സംഘാംഗമെന്ന് പോലീസ് സ്ഥിരീകരണം. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തലിന് വിധേയരാക്കിയതിന് ശേഷമാണ് പൊലീസ് സ്ഥിരീകരണമെത്തിയത്. പ്രതിയുടെ നെഞ്ചിലെ പച്ചകുത്ത് നിർണായകമായതായും പൊലീസ് വ്യക്തമാക്കി. കുണ്ടന്നൂരിൽ നിന്നും ഉരുപ്പടികളും അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ അന്വേഷണം തുടരുമെന്നും ഇനിയും വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
സംഘത്തിൽ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടി. ഇവ പൂർണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിന്റെ അറസ്റ് രേഖപ്പെടുത്തും. കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പിൽ നിന്നാണ് സാഹസികമായി പോലീസ് പിടികൂടിയത്.
അതേസമയം, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി പിടിയിലായവരുടെ കുടുംബം എത്തിയിരുന്നു. കുണ്ടന്നൂരിൽ നിന്നും പിടിയിലായവരുടെ കുടുംബമാണ് പിഞ്ചു കുഞ്ഞുങ്ങളുമായി സ്റ്റേഷന് മുന്നിലെത്തിയത്.സന്തോഷ് സെൽവനും മണികണ്ഠനും നിരപരാധികളാണെന്നാണ് കുടുംബം വാദിച്ചത്. മോഷണം നടന്നു എന്ന പറയുന്ന സമയം തങ്ങൾക്ക് ഒപ്പമായിരുന്നു ഇവരുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നത് പോലെ ആലപ്പുഴയിൽ ഇരുവരും പോയിട്ടില്ലെന്നും കുടുംബം അവകാശപ്പെട്ടിരുന്നു.