ജനാധികാര ജനമുന്നേറ്റം സംസ്ഥാന കണ്‍വെന്‍ഷന്‍ ഈ മാസം 17 ന് എറണാകുളത്ത്; തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ മുഖ്യപ്രഭാഷകന്‍

ജനാധികാര ജനമുന്നേറ്റം സംസ്ഥാന കണ്‍വെന്‍ഷന്‍ ഈ മാസം 17 ന് എറണാകുളത്ത്

Update: 2025-05-13 09:48 GMT

കൊച്ചി: ജനാധികാര ജനമുന്നേറ്റം പ്രസ്ഥാനത്തിന്റെ സംസ്ഥാനതല കണ്‍വെന്‍ഷന്‍ ഈ മാസം പതിനേഴിന് എറണാകുളത്ത് നടക്കും. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിന് സമീപമുളള മുല്ലശേരി കനാല്‍ റോഡിലെ സഹോദര സൗധത്തിലാണ് കണ്‍വെന്‍ഷന്‍ ചേരുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് ചടങ്ങ് നടക്കുന്നത്.

ചെയര്‍മാന്‍ അഡ്വക്കേറ്റ് തമ്പാന്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രതിനിധി സമ്മേളനത്തില്‍ തുഷാര്‍ ഗാന്ധി കണ്‍വെന്‍ഷന്‍

ഉദ്ഘാടനം ചെയ്യും. സുപ്രീംകോടതി അഭിഭാഷകനും ഇന്ത്യയിലെ സിവില്‍ സമൂഹത്തിന്റെ മുഖവുമായ അഡ്വ.പ്രശാന്ത് ഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ.കെ.അരവിന്ദാക്ഷന്‍, ഡോ.മേരി ജേര്‍ജ്ജ്, പ്രൊഫ.എം.പി.മത്തായി, മൈത്രേയന്‍, അഡ്വ.ജോണ്‍ ജോസഫ് തുടങ്ങിവര്‍ പ്രസംഗിക്കും.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കേരളാ സിവില്‍ സൊസൈറ്റി സംസ്ഥാനത്തുടനീളം നടത്തിയ പഠന പരിപാടികളില്‍ പങ്കെടുത്ത 300 പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്ന ഭരണഘടനാ വ്യവസ്ഥക്ക് ജനങ്ങള്‍ക്കിടയില്‍ പ്രചാരം നല്‍കി ഗ്രാമ-വാര്‍ഡ് സഭാ യോഗങ്ങളിലെ ജനപങ്കാളിത്തം വര്‍ദ്ധിപ്പിച്ച് അടിസ്ഥാനതല ജനാധിപത്യം ശക്തിപ്പെടുത്താനും നീതിപൂര്‍ണമായ പ്രാദേശിക വികസനം സാധ്യമാക്കാനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജനാധികാര ജനമുന്നേറ്റം.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജില്ലാ അടിസ്ഥാനത്തിലും പ്രാദേശിക തലത്തിലും കേരളാ സിവില്‍ സൊസൈറ്റി നടത്തിയ പഞ്ചായത്ത് രാജ് പഠന പരിപാടികളില്‍ പങ്കെടുത്ത് അറിവ് നേടിയ സന്നദ്ധ പ്രവര്‍ത്തകരെ മുന്‍ നിര്‍ത്തിയാണ് ജനാധികാര ജനമുന്നേറ്റം രൂപീകരിച്ചത്. ജനാധികാര ജനമുന്നേറ്റം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും സംസ്ഥാനതലത്തില്‍ ഒരു മാര്‍ഗ നിര്‍ദ്ദേശക സമിതിയായും പരിശീലന സ്ഥാപനമായും നിലകൊള്ളാന്‍ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എന്ന് സംഘടനയുടെ ഭാരവാഹികള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News