താന്‍ പ്രാഞ്ചിയാണെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ ആരെയാണ് ....ഞ്ചിച്ചതെന്ന് ചോദ്യം; റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനത്തെ പരിഹാസത്തോടെ വിമര്‍ശിച്ച് ജോയ് മാത്യു

Update: 2026-01-08 08:21 GMT

കൊച്ചി: റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനത്തെ രൂക്ഷമായ പരിഹാസത്തോടെ വിമര്‍ശിച്ച് നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോയ് മാത്യു രംഗത്ത്. റെജി ലൂക്കോസിനെപ്പോലെയുള്ളവര്‍ ചാനല്‍ ചര്‍ച്ചകളില്‍ സ്വീകരിച്ച നിലപാടുകളാണ് കേരളത്തില്‍ സിപിഎമ്മിന് ഇത്രയധികം ശത്രുക്കളെ ഉണ്ടാക്കിയതെന്ന് ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ജോയ് മാത്യു എന്ന പ്രാഞ്ചിക്ക് ഒരു സീറ്റ് വേണം' എന്ന തലക്കെട്ടോടെ മുന്‍പ് തന്നെ വിമര്‍ശിച്ചുകൊണ്ട് റെജി ലൂക്കോസ് പങ്കുവെച്ച വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ജോയ് മാത്യു മറുപടി നല്‍കിയത്. താന്‍ പ്രാഞ്ചിയാണെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ ആരെയാണ് ....ഞ്ചിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഭരണകക്ഷി നേതാക്കളുടെ മുഖം രക്ഷിക്കാന്‍ എന്ത് ന്യായീകരണവും നിരത്തുന്നതാണ് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് പലരും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. അത്തരത്തില്‍ അഞ്ച് വര്‍ഷത്തോളം ചാനലുകളില്‍ സിപിഎമ്മിന്റെ മുഖമായിരുന്ന ആളാണ് റെജി ലൂക്കോസെന്നും ജോയ് മാത്യു കുറിച്ചു.

ഈ 'മഹാത്മാവിനെ' ഏറ്റുവാങ്ങിയ ബിജെപിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും, ഒപ്പം അല്പം വൈകിയാണെങ്കിലും ഇത്തരം ന്യായീകരണക്കാരില്‍ നിന്ന് രക്ഷപ്പെട്ട സിപിഎമ്മിനും ആശംസകള്‍ അറിയിക്കുന്നതായും അദ്ദേഹം പരിഹസിച്ചു. ദീര്‍ഘകാലം ഇടതുപക്ഷ നിരീക്ഷകനായിരുന്ന റെജി ലൂക്കോസ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ജോയ് മാത്യുവിന്റെ ഈ കുറിപ്പ് വഴിവെച്ചിരിക്കുന്നത്.

Tags:    

Similar News