'ബയ് വണ്‍ ഗെറ്റ് വണ്‍' സൗജന്യ ഓഫര്‍ നല്‍കിയില്ല; രണ്ട് ഹണി ബോട്ടിലുകള്‍ വാങ്ങിയ ഉപഭോക്താവിനെ കമ്പളിപ്പിച്ചുവെന്ന പരാതി; റിലയന്‍സ് റീട്ടെയില്‍ 15,440/- രൂപ നഷ്ടപരിഹാരം നല്‍കണം
റിലയന്‍സ് റീട്ടെയില്‍ 15,440/- രൂപ നഷ്ടപരിഹാരം നല്‍കണം
കൊച്ചി: 'ബയ് വണ്‍ ഗെറ്റ് വണ്‍ ഫ്രീ' ഓഫര്‍ പ്രകാരം രണ്ട് ഹണി ബോട്ടിലുകള്‍ വാങ്ങിയ ഉപഭോക്താവിനെ കമ്പളിപ്പിച്ചുവെന്ന പരാതിയില്‍ റിലയന്‍സ് റീട്ടെയില്‍ നഷ്ട പരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
എറണാകുളം, വാഴക്കാലയില്‍ പ്രവര്‍ത്തിക്കുന്ന റിയന്‍സ് സ്മാര്‍ട്ട് ഷോപ്പില്‍ 2020 ഒക്ടോബര്‍ 24-ന് വാങ്ങിയ 'ഹിമാലയ മണി' ഉല്‍പ്പന്നം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
സുഭമ്മ ഭാസി എന്ന വീട്ടമ്മ 'Buy 1 Get 1 Free' ഓഫര്‍ പ്രകാരം രണ്ട് ബോട്ടില്‍ ഹണി വാങ്ങുകയും, പിന്നീട് ബില്‍ പരിശോധിച്ചപ്പോഴാണ് ഓഫര്‍ ലഭിച്ചില്ലെന്ന് ബോധ്യമായത്. സ്റ്റോറില്‍ ചെന്ന് പരാതി നല്‍കിയപ്പോള്‍ ജീവനക്കാര്‍ ആദ്യം സാങ്കേതിക പിഴവ് എന്ന് പറഞ്ഞെങ്കിലും പ്രശ്‌നം പരിഹരിക്കാതെ അവരെ അവഹേളിച്ചതായി പരാതിയില്‍ പറയുന്നു.
എതിര്‍കക്ഷിയുടെ നടപടി അധാര്‍മിക വ്യാപാര രീതിയാണെന്നും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്നും ഡി. ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി. എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് എതിര്‍ കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി.
അധികമായി വാങ്ങിയ രൂപ 440 ഉപഭോക്താവിന് തിരിച്ചു നല്‍കുകയും, മാനക്ലേശത്തിന് 10,000/ രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000/ രൂപയും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടി.ജി ഗോപിനാഥന്‍ കോടതിയില്‍ ഹാജരായി.