എരുമേലി വിമാനത്താവളം: ഹൈക്കോടതിയുടെ അന്തിമ തീര്‍പ്പ് ജൂലൈ ഒമ്പതിന്; സര്‍ക്കാരിന് പറയാനുള്ളത് ഒമ്പതിനകം രേഖാമൂലം സമര്‍പ്പിക്കണമെന്ന് കോടതി

എരുമേലി വിമാനത്താവളം: ഹൈക്കോടതിയുടെ അന്തിമ തീര്‍പ്പ് ജൂലൈ ഒമ്പതിന്

Update: 2025-05-28 12:02 GMT

കൊച്ചി: നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ (അയന ചാരിറ്റബിള്‍ ട്രസ്റ്റ്) എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ജൂലൈ ഒമ്പതിന് അന്തിമ വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച കോടതി സര്‍ക്കാരിന് പറയാനുള്ളത് ജുലൈ ഒമ്പതിനകം രേഖാമൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സെക്ഷന്‍ 11 വിജ്ഞാപനത്തിനെതിരേയാണ് ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്താവളത്തിന് വേണ്ട ഭൂമിയില്‍ 90 ശതമാനവും ചെറുവളളി എസ്റ്റേറ്റില്‍ നിന്നാണ്. ശേഷിച്ച 300 ഏക്കര്‍ മാത്രമാണ് പുറമേ നിന്ന് വേണ്ടത്. ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സെക്ഷന്‍ 11 വിജ്ഞാപനം ചോദ്യം ചെയ്ത് ബിലീവേഴ്സ് ചര്‍ച്ച് നല്‍കിയ ഹര്‍ജിയില്‍ കോടതി വിശദമായി വാദം കേട്ടു.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് സിബലാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്നത്. വിമാനത്താവളത്തിന് വേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയത് ചെറുവളളി എസ്റ്റേറ്റിലാണ്. സര്‍ക്കാര്‍ വിമാനത്താവളത്തിനായി കണ്ടെത്തിയത് അഞ്ച് തോട്ടങ്ങളാണ്. അവിടെ എങ്ങും പരിസ്ഥിതി ആഘാത പഠനം നടത്താതെ ചെറുവള്ളിയില്‍ മാത്രം നടത്തിയതും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.

സര്‍ക്കാര്‍ പറയുന്ന സ്ഥലത്ത് മാത്രമായല്ല പഠനം നടത്തേണ്ടത്. വിമാനത്താവളത്തിനായി കണ്ടെത്തിയ അഞ്ചു തോട്ടങ്ങളിലും പരിശോധന നടത്തി അവയില്‍ ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കേണ്ടതിന് പകരം ഏകപക്ഷീയമായി ചെറുവള്ളി എസ്റ്റേറ്റ് നിശ്ചയിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തി. സര്‍വേകള്‍ അടക്കം ഒന്നും ജൂലൈ ഒമ്പതു വരെ ചെറുവളളിയില്‍ നടത്താന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുള്ള ഭൂമികളുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടികള്‍ സര്‍ക്കാരിന് തുടരാം.


Tags:    

Similar News