വാളയാറിലെ ആള്‍ക്കൂട്ടക്കൊല കേസില്‍ പ്രതികള്‍ക്ക് ജാമ്യം; കുറ്റപത്രം സമര്‍പ്പിക്കും മുന്‍പേ പ്രതികള്‍ പുറത്തേക്ക്; 11 പേര്‍ ഇന്നും ഒളിവില്‍; രാംനാരായണന് നീതി അകലുന്നോ?
വാളയാറിലെ ആള്‍ക്കൂട്ടക്കൊല കേസില്‍ പ്രതികള്‍ക്ക് ജാമ്യം
പാലക്കാട്: പാലക്കാട് അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ ഭാഗേല്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റു കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയടക്കം എട്ടുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ കോടതിയാണ് കര്‍ശന ഉപാധികളോടെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതിനിടെയാണ് എട്ടു പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്. ജില്ല വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് ഉത്തരവ്. കേസില്‍ ഇനി 11 പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.
മോഷണക്കുറ്റം ആരോപിച്ച് ക്രൂരമര്‍ദനം കഴിഞ്ഞ ഡിസംബര്‍ 17-നാണ് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ജോലിക്കെത്തിയ രാംനാരായണ്‍ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിനിരയായത്. ഈസ്റ്റ് അട്ടപ്പള്ളത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് വടികൊണ്ടും മറ്റും ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റ രാംനാരായണ്‍ അന്ന് രാത്രി തന്നെ മരണത്തിന് കീഴടങ്ങി.
രാംനാരായന്റെ ശരീരത്തില്‍ നാല്‍പതിലേറെ ഗുരുതര മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.മര്‍ദനത്തെത്തുടര്‍ന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലും ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമായത്. ആള്‍ക്കൂട്ടക്കൊലപാതകം, പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം, വംശീയ അധിക്ഷേപം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
'രാംനാരായണനെ തല്ലിക്കൊന്ന കേസില്‍ പ്രതികള്‍ക്ക് ജാമ്യം! ഛത്തീസ്ഗഢ് സ്വദേശിക്ക് അട്ടപ്പള്ളത്ത് സംഭവിച്ചത് ക്രൂരമായ ആള്‍ക്കൂട്ട ആക്രമണം; 40-ലേറെ മുറിവുകള്‍, ആന്തരിക രക്തസ്രാവം; കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ പ്രതികള്‍ പുറത്തിറങ്ങുമ്പോള്‍ 11 പേര്‍ ഒളിവില്‍ തന്നെ; നീതി അകലുന്നോ?'