സഞ്ജിത്ത് വധക്കേസ്: 'ഭാര്യയുടെ മുന്നിലിട്ട് വെട്ടുന്നത് നേരിട്ട് കണ്ടു'; മൂന്നാം സാക്ഷിയുടെ വിസ്താരം പൂര്‍ത്തിയായി; പ്രതികളെയും വാഹനത്തെയും തിരിച്ചറിഞ്ഞു
സഞ്ജിത്ത് വധക്കേസ്: മൂന്നാം സാക്ഷിയുടെ വിസ്താരം പൂര്‍ത്തിയായി
പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭാര്യയുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ കേസില്‍ മൂന്നാം സാക്ഷിയുടെ വിസ്താരം പൂര്‍ത്തിയായി. കേസിലെ മൂന്നാം സാക്ഷിയും മാങ്കാവ് സ്വദേശിയുമായ ഹരിദാസിനെ പാലക്കാട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനായക റാവു മുന്‍പാകെ വിസ്തരിച്ചു. സംഭവദിവസം മമ്പറത്ത് വെച്ച് സഞ്ജിത്തിനെയും ഭാര്യ അര്‍ഷിതയെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തി വാളുകള്‍ കൊണ്ട് ആക്രമിക്കുന്നത് താന്‍ നേരിട്ട് കണ്ടുവെന്ന് ഹരിദാസ് കോടതിയില്‍ മൊഴി നല്‍കി.
കോടതിയില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു
സംഭവസമയത്ത് ആ വഴി വന്ന സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവറായിരുന്നു ഹരിദാസ്. ആക്രമണത്തിന് ശേഷം സഞ്ജിത്തിനെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ഈ വീഡിയോയിലുള്ള തന്റെ ബസ്സും സഞ്ജിത്തിന്റെ ഭാര്യ നിലവിളിക്കുന്ന ദൃശ്യങ്ങളും സാക്ഷി തിരിച്ചറിഞ്ഞു. പ്രതികള്‍ എത്തിയ മാരുതി കാറും കോടതിയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
വിചാരണ വേഗത്തിലാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം
നേരത്തെ സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിതയെ വിസ്തരിച്ചിരുന്നു. അക്രമികളെയും വാഹനം ഓടിച്ചയാളെയും അവര്‍ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. പ്രതികള്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍, ദൃക്‌സാക്ഷികളുടെ വിസ്താരം ഉടന്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.
സാക്ഷികള്‍ക്ക് ഭീഷണി
കേസിലെ സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് ഒന്നാം പ്രതി അബ്ദുല്‍ സലാമിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രാസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് ഹാജരാകുന്നത്.
