ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങള്‍ മാറണം; കാര്യഗൗരവത്തോടെയുള്ള സമീപനമാണ് മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ടത്: ജസ്റ്റിസ്.ദേവന്‍ രാമചന്ദ്രന്‍

ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങള്‍ മാറണം;

Update: 2024-10-04 17:25 GMT

കൊച്ചി: ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങള്‍ മാറണമെന്ന് ജസ്റ്റിസ്.ദേവന്‍ രാമചന്ദ്രന്‍. സമൂഹത്തില്‍ എത്ര ശബ്ദങ്ങള്‍ ഉയര്‍ന്ന വരുന്നുണ്ടെന്നും എത്ര ശബ്ദങ്ങള്‍ ഉയര്‍ന്നു വരാന്‍ അനുവദിക്കുന്നുണ്ടെന്നും ചിന്തിക്കേണ്ട സമയമാണിത്. എല്ലാവരുടെയും ശബ്ദമായി മാറാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറുപതാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച വിളംബര സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുന്ന കാലഘട്ടത്തില്‍ കാര്യഗൗരവത്തോടെയുള്ള സമീപനമാണ് മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സത്യത്തിനൊപ്പം നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് ഇനിയും കഴിയട്ടെയെന്ന് ജസ്റ്റിസ്. ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധി പ്രതിമയ്ക്ക്മുന്നില്‍ 60 മണ്‍ ചെരാതുകള്‍ തെളിച്ചു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആദ്യദീപം തെളിച്ചു.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.എസ് സുദര്‍ശന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഐ ജില്ലാ കമ്മിറ്റിയംഗം ടി.സി സഞ്ജിത്, ബിജെപി നേതാവ് സി .ജി രാജഗോപാല്‍, സിഐസിസി ജയചന്ദ്രന്‍, ചന്ദ്രഹാസന്‍ വടുതല, മലയാള മനോരമ ബ്യൂറോ ചീഫ് എന്‍.ജയചന്ദ്രന്‍, പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് എന്‍.കെ സ്മിത, ജോ.സെക്രട്ടറി ഷബ്ന സിയാദ് തുടങ്ങിയവര്‍ ദീപം തെളിയിച്ചു.

പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ഷജില്‍ കുമാര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജലീല്‍ അരൂക്കുറ്റി നന്ദിയും പറഞ്ഞു.

Tags:    

Similar News