'പാലക്കാട് വിജയിച്ച ശേഷം യുഡിഎഫ് ഓഫീസില്‍ എത്തുമെന്നറിയിച്ച സരിനെയും കാത്ത്'; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരിഹസിച്ച് ജ്യോതികുമാര്‍ ചാമക്കാല

'പാലക്കാട് വിജയിച്ച ശേഷം യുഡിഎഫ് ഓഫീസില്‍ എത്തുമെന്നറിയിച്ച സരിനെയും കാത്ത്'

Update: 2024-11-23 09:39 GMT

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. പാലക്കാട് തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ആദ്യം യുഡിഎഫ് ഓഫീസില്‍ എത്തുമെന്ന് സരിന്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രതികരിച്ചാണ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തുവന്നത്.

'പാലക്കാട് വിജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തുമെന്നറിയിച്ച പി സരിനെയും കാത്ത്'- എന്നായിരുന്നു ട്രോളിക്കൊണ്ട് ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചത്.പാലക്കാട് തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനറായിരുന്ന സരിന്‍ പാര്‍ട്ടി വിട്ടത്.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരസ്യമായി പ്രതികരിച്ചുകൊണ്ടായിരുന്നു രാജി. പിന്നാലെ സിപിഎമ്മുമായി ചര്‍ച്ച നടത്തി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. അതേസമയം, പാലക്കാട് 58,244 വോട്ടാണ് രാഹുല്‍ നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് 39,529 വോട്ടും, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് 37,348 വോട്ടുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്.

പാലക്കാട് നഗരസഭയിലും മൂന്ന് പഞ്ചായത്തുകളിലും വ്യക്തമായ മന്നേറ്റമാണ് രാഹുല്‍ നടത്തിയത്.ബിജെപിയുടെ കാവിക്കോട്ടയായ പാലക്കാട് നഗരസഭയില്‍ കടന്നുകയറി കോട്ടകള്‍ തകര്‍ത്തായിരുന്നു രാഹുല്‍ മന്നേറിയത്. ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ ലീഡ് സമ്മാനിച്ച പാലക്കാട് നഗരസഭ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. കോണ്‍ഗ്രസ് കോട്ടയായ പിരായിരിയിലെത്തിയപ്പോള്‍ ലീഡ് പതിനായിരം കടന്നു.

Tags:    

Similar News