'പട്ടികജാതി- പട്ടിക വിഭാഗക്കാരുടെ തനതായ കലാരൂപം റാപ്പ് സംഗീതമാണോ? വേടന്മാരുടെ മുന്നിലെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നത്; ഇതവസാനിപ്പിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്': റാപ്പര്‍ വേടന് എതിരെ കെ പി ശശികല
റാപ്പര്‍ വേടന് എതിരെ കെ പി ശശികല
പാലക്കാട്: റാപ്പര്‍ വേടനെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെപി ശശികല. റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി-പട്ടിക വിഭാഗക്കാരുടെ തനതായ കലാരൂപമെന്ന് ശശികല ചോദിച്ചു. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് ശശികല പറഞ്ഞു. പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശശികല.
'ഇവിടുത്തെ പട്ടികജാതി- പട്ടിക വിഭാഗക്കാരുടെ തനതായ കലാരൂപം റാപ്പ് സംഗീതമാണോ? അവര്‍ക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് അതുവഴിയാണോ? പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് ഒരുപരിപാടി നടത്തുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കയറേണ്ടത്?'- ശശികല ചോദിച്ചു.
'ഇന്ന് വേടന്മാരുടെ മുന്നിലെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നത്. കഞ്ചാവോ---കള്‍ പറയുന്നതേ കേള്‍ക്കൂ എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം. വേദിയുടെ മുന്നില്‍ എത്തിച്ച് അതിന്റെ മുന്നില്‍ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്ന, തുള്ളിക്കളിക്കേണ്ടി വരുന്ന ഗതികേട്. ആടിക്കളിക്കടാ കുഞ്ഞിരാമാ ചാടിക്കളിക്കടാ കുഞ്ഞിരാമാ എന്ന് പറഞ്ഞ്, കുഞ്ഞിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചൂട്ചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്'- ശശികല പറഞ്ഞു.