ക്രിമിനൽക്കേസ് പ്രതിയെ കാപ്പ ചുമത്തി ജില്ല കടത്തി; പിന്നാലെ മാർക്കറ്റിലും വീട്ടിലുമായി കറങ്ങുന്നതായി പൊലീസിന് രഹസ്യ വിവരം; കാപ്പ നിയമം ലംഘിച്ച പ്രതിയെ പിടികൂടി പൊലീസ്
തിരുവനന്തപുരം: കാപ്പ നിയമം ലംഘിച്ച പ്രതിയെ പൊലീസ് പിടികൂടി. പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ചെങ്കൽ കുന്നൻവിള സ്വദേശി ഇരുപത്തൊമ്പതുകാരനായ ശംഭു എന്ന സുമേഷി(29) ആണ് പോലീസിന്റെ പിടിയിലായത്. കാപ്പ ചുമത്തി ജില്ലയ്ക്ക് പുറത്താക്കിയ സുമേഷ് വീട്ടിലെത്തിതിന് പിന്നാലെ പൊലീസിന്റെ അറസ്റ്റ്.
കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുവാൻ പാടില്ലായെന്ന നിബന്ധനയോടെയാണ് നിരവധി അക്രമ കേസുകളിൽ പ്രതിയായ സുമേഷിനെ ജില്ലയ്ക്ക് പുറത്തേക്ക് കടത്തിയത്. എന്നാൽ, അടുത്ത ദിവസങ്ങളിൽ ഇയാളെ മാർക്കറ്റിന് സമീപത്തും മറ്റുമായി കണ്ടതായി നാട്ടുകാർ പറയുന്നു. പിന്നാലെ ഇയാൾ ചെങ്കൽ ഭാഗത്തെ വീട്ടിൽ എത്തിയതായി പൊലീസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി അറസ്റ്റിലാവുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.