ബാറിലെ സംഘട്ടനവും പിന്തുടര്‍ന്നുളള വെട്ടുംകുത്തും; മൂന്നു മാസമായി ഒളിവിലായിരുന്ന രണ്ട് കാപ്പ കേസ് പ്രതികള്‍ അറസ്റ്റില്‍

രണ്ട് കാപ്പ കേസ് പ്രതികള്‍ അറസ്റ്റില്‍

Update: 2025-02-21 16:12 GMT

തിരുവല്ല: നഗരത്തിലെ ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ യുവാക്കളെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ ആയിരുന്ന മുന്‍ കാപ്പാ പ്രതികളായ രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. കേസിലെ ഒന്നാം പ്രതിയായ കുറ്റപ്പുഴ ആറ്റുമാലില്‍ വീട്ടില്‍ സുജു കുമാര്‍ (29), ഇയാളെ ഒളിവില്‍ താമസിക്കുവാന്‍ സഹായിച്ച കാട്ടൂക്കര കൊച്ചുപുരയില്‍ വീട്ടില്‍ നിഖില്‍ പ്രസാദ് ( 29 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് രാത്രി 10 മണിയോടെ മഞ്ഞാടി ജങ്ഷന് സമീപം ആയിരുന്നു സംഭവം.

മഞ്ഞാടി ഭാഗത്തേക്ക് വരുകയായിരുന്ന ഗോകുല്‍, അഖിലേഷ് എന്നിവരെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിയും കുത്തിയും പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. കാര്‍ തടഞ്ഞ സുജു കുമാറും സംഘവും അഖിലേഷിനെ കുത്തി പരുക്കേല്‍പ്പിച്ചു. ഇത് തടയാന്‍ ശ്രമിച്ച ഗോകുലിന്റെ തലയ്ക്ക് വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കേസില്‍ മൂന്നു പ്രതികള്‍ പിടിയിലായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ സുജു കുമാറിനെ ചേരാനല്ലൂരെ ഒളിയിടത്തില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുജുവിന് ഒളിത്താവളം ഒരുക്കി നല്‍കിയ കേസിലാണ് നിഖില്‍ പ്രസാദിന്റെ അറസ്റ്റ്. തിരുവല്ലയില്‍ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയി സുജുവിനും നിഖിലിനും എതിരെ ഒട്ടനവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു.

Tags:    

Similar News