കരുവന്നൂര്‍ ബാങ്കില്‍ നിന്നും തിരികെ കിട്ടാനുള്ളത് 60 ലക്ഷം രൂപ; മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കാനാവില്ലെന്ന് ബാങ്ക് അധികൃതര്‍: വസ്ത്രം ഊരിയെറിഞ്ഞ് പ്രതിഷേധിച്ച് നിക്ഷേപകന്‍

കരുവന്നൂര്‍ ബാങ്കില്‍ നിന്നും തിരികെ കിട്ടാനുള്ളത് 60 ലക്ഷം രൂപ; വസ്ത്രം ഊരിയെറിഞ്ഞ് പ്രതിഷേധിച്ച് നിക്ഷേപകന്‍

Update: 2024-09-20 01:20 GMT

ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച മുഴുവന്‍ പണവും നല്‍കാത്തതിനെ തുടര്‍ന്ന് ബാങ്കിന് മുന്‍പില്‍ വസ്ത്രം ഊരിയെറിഞ്ഞ് നിക്ഷേപകന്റെ പ്രതിഷേധം. കുടുംബാംഗങ്ങളുടെ പേരില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും മടക്കി നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്താണ് നിക്ഷേപകന്റെ പ്രതിഷേധം.

മാപ്രാണം സ്വദേശി വടക്കേത്തല ജോഷി (54) ആണ് ബംഗ്ലാവ് പരിസരത്തുള്ള ബാങ്ക് ഹെഡ് ഓഫിസിന് മുന്‍പില്‍ പ്രതിഷേധിച്ചത്. ഭാര്യയുടെയും അമ്മയുടെയും സഹോദരിയുടെയും സഹോദരിയുടെ മകളുടെയും പേരില്‍ നിക്ഷേപിച്ച അറുപത് ലക്ഷത്തോളം രൂപ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്കില്‍ എത്തിയത്. രാവിലെ 11ന് ബാങ്കില്‍ എത്തിയ ജോഷി സിഇഒ കെ.ആര്‍.രാകേഷ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹന്‍ദാസ് എന്നിവരുമായി ചര്‍ച്ച നടത്തി. മുഴുവന്‍ നിക്ഷേപത്തുകയും ഒരുമിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് ഓഫിസിന് പുറത്തെത്തി വസ്ത്രം ഊരി പ്രതിഷേധിച്ചത്.

ജോഷിയുടെ പേരിലുള്ള 28 ലക്ഷത്തോളം രൂപ മാസങ്ങള്‍ക്ക് മുന്‍പ് ഗഡുക്കളായി നല്‍കിയിരുന്നു. ബാക്കി പണം ചോദിക്കുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന് ജോഷി ആരോപിച്ചു. മുഴുവന്‍ തുകയും ഒരുമിച്ചു നല്‍കാന്‍ ബാങ്കിന് ഇപ്പോഴത്തെ അവസ്ഥയില്‍ സാധിക്കില്ലെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News