കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ പോലീസ് മേധാവിയെ അറിയിക്കാന്‍ ഇഡി; സിപിഎം നേതാക്കള്‍ക്കെതിരെ പോലീസ് അന്വേഷണം വരുമോ?
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ പോലീസ് മേധാവിയെ അറിയിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പോലീസിന് തുടരന്വേഷണസാധ്യത തുറന്നിടുന്ന കാര്യങ്ങള്‍സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് വിശദമായ കത്തും നല്‍കും.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) സെക്ഷന്‍ 66 (2) അനുസരിച്ചാണ് കത്ത് കൈമാറുന്നത്. ഇഡി കേസിനുപുറമേ മറ്റേതെങ്കിലും ഏജന്‍സികള്‍ക്ക് കേസെടുക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ അവരെ അക്കാര്യം അറിയിക്കണമെന്നാണ് ഈ സെക്ഷനില്‍ പറയുന്നത്. സിപിഎമ്മിന്റെ കരുവന്നൂര്‍ ബാങ്കിലേതുള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍, സാമ്പത്തിക ഇടപാടുകള്‍, തട്ടിപ്പിലെ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ പങ്ക് എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാകും അറിയിക്കുക. ഇതില്‍ അന്വേഷണം നടത്താന്‍ പോലീസ് നിര്‍ബന്ധിതമാകും.
ഇഡി കുറ്റപത്രത്തില്‍ പേരുള്ള എല്ലാവരുടെയും പങ്ക് വിശദമായി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ ഈ മാസം ഇഡി അന്തിമകുറ്റപത്രം നല്‍കുമെന്നാണ് വിവരം. ഇഡി കേസില്‍ നിരവധി സിപിഎം നേതാക്കള്‍ പ്രതികളാണ്.