കണ്ണൂരിലും വയനാട്ടിലും ശക്തമായ മഴയും കാറ്റും; വീടിന് മുകളില്‍ മരം കടപുഴകി വീണു; വയനാട്ടില്‍ മഴയില്‍ കൃഷിനാശം; സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
വയനാട്/കണ്ണൂര്‍: സംസ്ഥാനത്ത് വേനല്‍മഴ ശക്തമായി തുടരും എന്ന മുന്നറിയിപ്പിനിടെ, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കാറ്റും മഴയും മൂലം വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത കാറ്റ്, ഇടിമിന്നല്‍, മഴ എന്നിവയാണ് ജനജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തിയത്. കണ്ണൂരിലെ ഉളിക്കല്‍ നുച്യാട് അമേരിക്കന്‍ പാറയില്‍ ഒരു വീട്ടിന് മുകളില്‍ വലിയ മരം കടപുഴകി വീണു. കല്യാണിയമ്മയുടെ വീടിന് മേലായിരുന്നു അപകടം. സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനം നടന്നതുകൊണ്ട് മറ്റ് അപകടം ഒന്നും ഉണ്ടായില്ലെങ്കിലും വീടിന് കാര്യമായ നാശം സംഭവിച്ചു. നഗര ഭാഗങ്ങളിലും ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിച്ചു.
വയനാട്ടില്‍ കേണിച്ചിറ, നടവയല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത കാറ്റും മഴയും വ്യാപക നാശം വിതച്ചു. മരങ്ങള്‍ കടപുഴകി വീണതോടെ വൈദ്യുതിവിതരണം തകരാറിലായി. പുഞ്ചക്കുന്ന് സ്വദേശി ജോബിഷിന്റെ കോഴിഫാമിന്റെ മേല്‍ക്കൂര തകര്‍ന്നു, അഞ്ച് ആയിരത്തോളം കോഴികള്‍ ചത്തു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീരപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശങ്ങളുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 1.4 മീറ്റര്‍ വരെ ഉയരമുളള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും അതീവ ജാഗ്രത ആവശ്യമാണ്.