പദ്ധതികള്‍ വേഗത്തിലും സുതാര്യമായും നടപ്പാക്കും; പട്ടികവര്‍ഗ്ഗ വികസനത്തിന് കൃത്യമായ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ഒ ആര്‍ കേളു

Update: 2025-03-05 09:41 GMT

തിരുവനന്തപുരം: പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിന് കാലാനുസൃതമായി കൂടുതല്‍ പദ്ധതികള്‍ അവിഷ്‌കരിക്കുമെന്നും ഇതിനായി കൃത്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന പട്ടികവര്‍ഗ്ഗ മേഖലയിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ ജില്ലയിലും മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും സിറ്റിംഗ് നടത്തി വിഷയങ്ങള്‍ വിലയിരുത്തിയിരുന്നു. സാമ്പത്തികം, ഭൂമി ലഭ്യമാക്കല്‍, ആരോഗ്യം, തൊഴില്‍ ഉള്‍പ്പടെ പല മേഖലകളിലും പുരോഗതി നേടാനുണ്ട്. എന്നാല്‍ പുതുതലമുറയ്ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ ഉന്നമനം നേടാനായിട്ടുണ്ട്. ചര്‍ച്ചകളിലൂടെ നേരിട്ട് വിഷയങ്ങള്‍ മനസിലാക്കി മുന്നോട്ട് പോകുമെന്നും പദ്ധതികള്‍ വേഗത്തിലും സുതാര്യമായും നടപ്പാക്കുന്നതിന് വകുപ്പിന്റെ സജീവമായ ഇടപെടല്‍ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ത്രിതല പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ 60 ശതമാനം ഫണ്ട് ചെലവിടല്‍ മാത്രമേ സാധ്യമാകുന്നുള്ളു. ഇത് വര്‍ധിപ്പിക്കാനാകണം. ശുചിത്വം, വീട്, ഭൂമി എന്ന നിലയില്‍ മാത്രമായി പദ്ധതികള്‍ മാറരുത്. അനുവധിക്കുന്ന ഭൂമി അര്‍ഹരായവര്‍ തന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. വായ്പ നല്‍കുന്നതുള്‍പ്പടെയുള്ള സംസ്ഥാന പട്ടികജാതി - പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ സേവനങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നിശ്ചയമായും പ്രയോജനപ്പെടുത്തണം. ജാതിയും ഉപജാതിയും അവയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കലും നിലവില്‍ കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ടെന്നും കിര്‍ത്താഡ്സ് ഇതില്‍ കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന അഭിപ്രായങ്ങള്‍ രൂപീകരിക്കാനും വിവിധ വിഷയങ്ങള്‍ക്കുള്ള പരിഹാരങ്ങളും നിര്‍ദേശങ്ങളും സംഘടനകളുമായി ചര്‍ച്ച ചെയ്യാനുമാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജ് സ്വാഗതം ആശംസിച്ചു. നാല്പത്തി അഞ്ചോളം സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു വിഷയങ്ങള്‍ അവതരിപ്പിച്ചു. കിര്‍ത്താഡ്‌സ് ഡയറക്ടര്‍ ഡോ. ബിന്ദു. എസ്, കേരള സംസ്ഥാന പട്ടികജാതി - പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി സുബ്രമണ്യന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News