ബഹുനിലകെട്ടിടങ്ങളിലെ തീയണയ്ക്കാന്‍ ആകാശ ഗോവണി; 360 ഡിഗ്രിയില്‍ കറങ്ങുന്ന ഗോവണിയില്‍ അഞ്ചുപേര്‍ക്കു വരെ ഇരിക്കാം: അഗ്‌നിരക്ഷാസേനയ്ക്ക് മുതല്‍ക്കൂട്ടായി ഏരിയല്‍ ലാഡര്‍ പ്ലാറ്റ്ഫോം വാഹനം മാര്‍ച്ചോടെ തിരുവനന്തപുരത്തെത്തും

അഗ്നിരക്ഷാസേനയ്ക്ക് പുതിയ വാഹനം; ഏരിയല്‍ ലാഡര്‍ പ്ലാറ്റ്ഫോം മാര്‍ച്ചോടെ തിരുവനന്തപുരത്തെത്തും

Update: 2025-01-03 01:18 GMT

കോട്ടയം: ബഹുനിലകെട്ടിടങ്ങളിലെ തീയണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ആകാശ ഗോവണി അടക്കം അത്യാധുനിക സജ്ജീകരണങ്ങളുമായി ഏരിയല്‍ ലാഡര്‍ പ്ലാറ്റ്ഫോം (യന്ത്രഗോവണി) വാഹനം മാര്‍ച്ചോടെ തിരുവനന്തപുരത്തെത്തും. 20 നില ഉയരം വരെയുള്ള കെട്ടിടങ്ങളിലെ തീയണയ്ക്കാനാകുന്ന സംവിധാനമുള്ള ഈ ഒരു വാഹനത്തിന്റെ ചെലവ് 15 കോടി രൂപയാണ്.

വാഹനത്തിലെ യന്ത്രഗോവണിക്കു 360 ഡിഗ്രിയില്‍ കറങ്ങാനാകും. സ്‌കൈ ലിഫ്റ്റിനു മുകളില്‍ അഞ്ചുപേര്‍ക്കു വരെ ഇരിക്കാം. ഇതിന്റെ ടെന്‍ഡര്‍ നടപടികളായി. മാര്‍ച്ചോടെ തിരുവനന്തപുരത്ത് എത്തിക്കാനാണ് ശ്രമം. അഗ്‌നിരക്ഷാസേനയിലെ പരിഷ്‌കാരവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തും കൊച്ചിയിലും 4 കോടി രൂപ ചെലവഴിച്ചു റോബട്ടിക് ഫയര്‍ ഫൈറ്റിങ് വെഹിക്കിള്‍ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. മിനിറ്റില്‍ 2400 ലീറ്റര്‍ വെള്ളം 100 മീറ്റര്‍ അകലത്തേക്ക് ഈ വാഹനത്തില്‍നിന്നു ചീറ്റാന്‍ കഴിയും. സെന്‍സറും ക്യാമറയും ഉള്ള റോബട്ടിനെ റിമോട്ട് ഉപയോഗിച്ചാണു നിയന്ത്രിക്കുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ യൂണിറ്റുകള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ഓരോ ജില്ലയിലും ഒരു യൂണിറ്റ് വീതം നല്‍കാനാണു ലക്ഷ്യമിടുന്നത്. ഡ്രോണിന് 2500 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയും. ഇവ കൂടാതെ മറ്റു ചില ഉപകരണങ്ങള്‍ കൂടി വാങ്ങാന്‍ അനുമതിയായിട്ടുണ്ട്.

Tags:    

Similar News