വീണ്ടും ന്യൂനമർദ്ദ ഭീഷണി; സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമദ്ധ്യ രേഖയ്ക്കും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് ശക്തമായ മഴ ലഭിക്കുക.
ഡിസംബർ 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മഴയെ തുടർന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. വെള്ളിയാഴ്ച കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം,ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തിപ്രാപിച്ച് ഡിസംബർ 11 ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.