പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ചു; വനംവകുപ്പിന്റെ പരിശോധനയിൽ രണ്ടുപേർ അറസ്റ്റിൽ; സംഭവം കണ്ണൂരിൽ

Update: 2025-09-11 04:55 GMT

കണ്ണൂർ: കണ്ണൂർ പാണപ്പുഴയിൽ പെരുമ്പാമ്പിനെ കറിവെച്ച് കഴിച്ച സംഭവത്തിൽ രണ്ടുപേർ വനംവകുപ്പിന്റെ പിടിയിലായി. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു. പ്രമോദ് (40), സി. ബിനീഷ് (37) എന്നിവരാണ് അറസ്റ്റിലായത്. വന്യജീവി സംരക്ഷണ നിയമം 2022-ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ള പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും നിയമപരമായി കുറ്റകരമാണ്.

രഹസ്യവിവരത്തെ തുടർന്ന് തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് പ്രതികളെ പിടികൂടിയത്. സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.പി. രാജീവൻ, എം. വീണ, ഡ്രൈവർ ആർ.കെ. രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ 371-ാം നമ്പർ വീടിന്റെ പരിസരത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത വകുപ്പുകൾ പ്രകാരമായിരിക്കും ഇവർക്കെതിരെ നടപടിയെടുക്കുന്നത്. 

Tags:    

Similar News