ടി.പി വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റി; തവനൂര്‍ ജയിലിലേക്ക് മാറ്റിയത് പരസ്യമദ്യപാനം പുറത്തായതിന് പിന്നാലെ
ടി.പി വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് സ്ഥിരം തലവേദന സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തവന്നൂര്‍ ജയിലിലേക്ക് മാറ്റി. തലശേരി കോടതി പരിസരത്തെ മദ്യപാനം ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജയില്‍ മാറ്റം. നേരത്തെ കൊടി സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും പുറത്ത് സ്വര്‍ണം പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്‌ളോക്കില്‍ നിന്നാണ് കൊടി സുനിയെ തവന്നൂര്‍ ജയിലിലേക്ക് മാറ്റിയത്. ടി.പി വധക്കേസിലെ മറ്റു പ്രതികള്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. പരസ്യമദ്യപാനം പുറത്തായതിനെ തുടര്‍ന്ന് കൊടി സുനിയെ ജയില്‍ഉപദേശക സമിതി അംഗമായ സി.പി.എം നേതാവ് പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ തള്ളിപ്പറഞ്ഞിരുന്നു. കൊടിയായാലും വടിയായാലും നിയമലംഘനം നടത്തിയാല്‍ നടപടിയെടുക്കുമെന്നായിരുന്നു പി.ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ജയില്‍ എ.ഡി.ജി.പി വിജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊടി സുനി യുള്‍പ്പെടെയുള്ള രാഷ്ട്രീയ കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിംഗുരുതരമായ അച്ചടക്കലംഘനം നടത്തുന്നതായും ജയില്‍ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ജയില്‍ വകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.