കൊല്ലം റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഇരുമ്പുതൂണ്‍ തലയില്‍ വീണ് രണ്ട് പേര്‍ക്ക് പരിക്ക്; കൃത്യമായി മറ കെട്ടാതെ നിര്‍മാണ പ്രവര്‍ത്തനം; നടന്നത് വലിയ അനാസ്ഥ
കൊല്ലം റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഇരുമ്പുതൂണ്‍ തലയില്‍ വീണ് രണ്ട് പേര്‍ക്ക് പരിക്ക്
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇരുമ്പുതൂണ് തലയില്‍ വീണ് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കൊല്ലം നീരാവില്‍ സ്വദേശി സുധീഷ്, മൈനാഗപ്പള്ളി സ്വദേശി ആശ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന തൂണാണ് ഇവരുടെ തലയിലേക്ക് വീണത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മാണത്തിലെ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചത്. കൃത്യമായി മറ കെട്ടാതെയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടന്നത്,
ഇന്ന് രാവിലെ 9.40ഓടെയാണ് അപകടമുണ്ടായത്. രാവിലെ ജോലിക്കായുള്‍പ്പെടെ യാത്രക്കാരെത്തുന്ന, വളരെ തിരക്കുപിടിച്ച സമയമാണ് ഇത്. ഈ പ്ലാറ്റ്ഫോമിലേക്ക് ചെന്നൈ മെയില്‍ എത്തിയ സമയത്താണ് അപകടമുണ്ടായത്. ട്രെയിനില്‍ കേറാന്‍ നിന്ന ഇരുവരുടെയും തലയിലേക്ക് തൂണ്‍ പതിക്കുകയായിരുന്നു. വിഷയത്തില്‍ റെയില്‍ വേ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. സര്‍ക്കാര്‍ ജീവനക്കാരനായ സുധീഷിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സുധീഷിനെ ജില്ലാ ആശുപത്രിയില്‍ നിന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരത്തേക്ക് പോകാന്‍ ട്രെയിന്‍ കയറാന്‍ എത്തിയതായിരുന്നു സുധീഷ്.
ട്രെയിന്‍ ഇറങ്ങി വന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ആശയ്ക്കും പരിക്കേറ്റു. ആശയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. മൈനാഗപ്പള്ളി സ്‌കൂളിലെ അധ്യാപികയാണ് ആശ. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.